കെവിൻ വധക്കേസ്; മഹസർ സാക്ഷികളായ പത്ത് പേരുടെ വിസ്താരം നാളെ നടക്കും

kevin

കെവിൻ വധക്കേസ് വിചാരണയിൽ മഹസർ സാക്ഷികളായ പത്ത് പേരുടെ വിസ്താരം നാളെ നടക്കും. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികൾ. പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിൽവെച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്‌സാക്ഷികളായ പമ്പ് ജീവനക്കാരും നാളെ കോടതിയിൽ ഹാജരാകും. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ വിശദാംശങ്ങൾ ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണായകമാകും.

ഇന്ന് നടന്ന വിസ്താരത്തിനിടെ മഹസർ സാക്ഷികളും പ്രതികളുടെ അയൽവാസികളുമായ സുനീഷ്, മുനീർ എന്നിവർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തും അയൽവാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ സാക്ഷികളായിരുന്നു ഇവർ. നിയാസ് മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴികളാണ് തിരുത്തിയത്.

കേസിൽ ഇതോടെ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു. അതേസമയം കെവിന്റെ മുണ്ട് കണ്ടെത്തിയപ്പോൾ സാക്ഷിയായ അലക്‌സ് പി ചാക്കോ, ശാസ്താംകോന്നം റൂട്ടിൽ കലുങ്കിനടിയിൽ നിന്നും വാൾ കണ്ടെത്തിയ സ്ഥലത്തെ സാക്ഷി ഹരികുമാർ എന്നിവർ തൊണ്ടി മുതൽ കോടതിയിൽ തിരിച്ചറിഞ്ഞു.

2018 മെയ് 27 നാണ് കെവിൻ കൊല്ലപ്പെട്ടത്. ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കെവിൻ നീനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനത്തെ തുടർന്ന് നീനുവിന്റെ പിതാവും സഹോദരനും ഉൾപ്പെടെ ചേർന്ന് കെവിന്റെ കൊലപ്പെടുത്തിയെന്നാണ് കേസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More