ശബരിമല നേരിട്ട് പ്രതിഫലിച്ചു; പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബിജെപി നേതൃയോഗത്തിൽ വിലയിരുത്തൽ

പത്തനംതിട്ടയിൽ ബിജെപി മികച്ച വിജയം നേടുമെന്ന് പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ വിലയിരുത്തൽ. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.
രണ്ടാംതവണയാണ് ബിജെപി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ട് ഏകീകരണം ഉണ്ടായതായി യോഗം വിലയിരുത്തി. ഇത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കി. തിരുവനന്തപുരത്തേക്കാൾ ജയസാധ്യത പത്തനംതിട്ടയിലാണ്. തെരഞ്ഞെടുപ്പിൽ ശബരിമല നേരിട്ട് പ്രതിഫലിച്ചു. പത്തനംതിട്ടയിൽ 15000 മുതൽ 20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും യോഗം വിലയിരുത്തി. നായർ വോട്ടുകൾ ഭൂരിപക്ഷവും ലഭിച്ചു. ഈഴവ വോട്ടുകളിൽ കുറവുണ്ടായി. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ദോഷമുണ്ടാക്കുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
യുഡിഎഫ്, എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിനൊപ്പം രണ്ടുമുന്നണികളുടേയും വോട്ട് നേടാനായി എന്നുമാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പങ്കുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here