വാർത്താതാരമാകാൻ മാധ്യമപ്രവർത്തകർക്ക് വമ്പൻ സൽക്കാരത്തിനൊരുങ്ങി ജ്യോതിഷി; എക്‌സൈസ് വിരട്ടിയതോടെ ‘മദ്യ സൽക്കാരം’ ഒഴിവാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തി വാർത്താതാരമാകാൻ മാധ്യമപ്രവർത്തകർക്ക് മദ്യം ഉൾപ്പെടുത്തി പാർട്ടി നടത്താനുള്ള ജ്യോതിഷി എന്ന് അവകാശപ്പെടുന്ന സജീവൻ സ്വാമിയുടെ ശ്രമം തടഞ്ഞ് എക്‌സൈസ്. ഈ മാസം 20 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽവെച്ച് പ്രവചനം നടത്താനായിരുന്നു ഇരിഞ്ഞാലക്കുട സ്വദേശിയായ സജീവൻ എന്ന ജ്യോതിഷി തീരുമാനിച്ചത്. അന്നേ ദിവസം വൈകീട്ട് ഹോട്ടൽ പങ്കജിൽവെച്ച് മാധ്യമപ്രവർത്തകർക്ക് വേണ്ടി മദ്യം ഉൾപ്പെടുത്തി പാർട്ടി നടത്താനായിരുന്നു തീരുമാനം. എന്നാൽ പ്രത്യേകം അനുമതിയില്ലാതെ പാർട്ടി നടത്താനുള്ള ജ്യോതിഷിയുടെ നടപടി ശ്രദ്ധയിൽപ്പെട്ട എക്‌സൈസ് അത് വിലക്കി. തുടർന്ന് ‘മദ്യ സൽക്കാരം’ ഒഴിവാക്കുകയായിരുന്നു.

മാധ്യമപ്രവർത്തകർക്ക് വേണ്ടി വമ്പൻ സൽക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണി, ചിക്കൻ കുഴിമന്തി ഉൾപ്പെടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ എക്‌സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ആരാഞ്ഞ് എക്‌സൈസ് സജീവനെ വിളിക്കുകയും പുറത്തു നിന്നുള്ള മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ സൽക്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന പങ്കജ് ഹോട്ടലിലേക്ക് വിളിച്ച് മദ്യം ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി സജീവൻ പറഞ്ഞു.

തന്റെ അറിവോടെയായിരുന്നില്ല നോട്ടീസിൽ മദ്യം ഉൾപ്പെടുത്തിയതെന്നാണ് സജീവൻ പറഞ്ഞത്. എന്തൊക്കെ സാധനങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ചോദിച്ച് നോട്ടീസ് അച്ചടിക്കാൻ ഏൽപ്പിച്ചവർ വിളിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഉൾപ്പെടുത്താനാണ് അവരോട് പറഞ്ഞത്. താൻ മൂകാംബികയിൽ പോയ ഘട്ടത്തിലാണ് നോട്ടീസ് അടിച്ചതും വിതരണം ചെയ്തതും. മദ്യം ഒഴിവാക്കി, ഭക്ഷണം നൽകുന്ന രീതിയിൽ പാർട്ടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സജീവൻ കൂട്ടിച്ചേർത്തു.

സജീവൻ ജ്യോതിഷിയുടെ പ്രവചനങ്ങൾ

രണ്ടായിരം മുതൽ ഇങ്ങോട്ട് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവചനം നടത്തുന്ന ആളാണ് സിപിഐഎം ഹൗസിംഗ് ബോർഡ് മെമ്പർ കൂടിയായ സജീവൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 85 സീറ്റുകൾ ലഭിക്കുമെന്ന് താൻ പ്രവചിച്ചിരുന്നതായി സജീവൻ പറയുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചിരുന്നു. ഇക്കാര്യം എകെജി സെന്ററിൽവെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ പറയുകയും ചെയ്തു. കേന്ദ്രത്തിൽ ഇത്തവണ യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്നാണ് സജീവന്റെ പ്രവചനം. ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസായിരിക്കും. യുപിഎ സഖ്യ കക്ഷികളുടെ പിന്തുണയോടെ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള യോഗമുണ്ട്. പക്ഷേ ആ പ്രധാനമന്ത്രിയോഗം രാഹുൽ ഗാന്ധി തന്നെ വേണ്ടെന്നുവെച്ചാൽ തനിക്കൊന്നും ചെയ്യാനാകില്ലെന്നും സജീവൻ പറഞ്ഞു.

സിപിഐഎന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ട് കേരളത്തിൽ ആർക്ക് ഭൂരിപക്ഷം ലഭിക്കുന്നുവെന്ന് പറഞ്ഞാൽ അത് പാർട്ടിയുടെ ആളായി പറയുന്നതായേ ജനങ്ങൾ കരുതുകയുള്ളൂ. പക്ഷേ താൻ പറയുന്നത് കേരളത്തിൽ എൽഡിഎഫിന് 10 സീറ്റ് ലഭിക്കുമെന്നാണ്. യുഡിഎഫിന് ആറ് മുതൽ ഒൻപത് സീറ്റുകൾ ലഭിക്കും. മൂന്ന് സീറ്റുകളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചാലക്കുടി, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളുടെ കാര്യത്തിലാണ് സംശയമുള്ളത്. തിരുവനന്തപുരം ബിജെപി പിടിക്കും. കേരളത്തിലെ കാര്യങ്ങൾ കർമ്മങ്ങൾ ചെയ്തല്ല പ്രവചിച്ചത്. കേന്ദ്രം യുപിഎ ഭരിക്കുമെന്ന് കർമ്മം ചെയ്താണ് പ്രവചിച്ചത്. അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജീവൻ പറയുന്നു.

ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവചനം നടത്തുന്നതെന്നാണ് സജീവൻ പറയുന്നത്. 2000 കാലഘട്ടത്തിൽ ഉഗ്ര തപസ് നടത്തിയെന്നും അതിലൂടെ പ്രത്യേക
സിദ്ധി ലഭിച്ചെന്നുമാണ് സജീവന്റെ അവകാശ വാദം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More