Advertisement

നബീനയുടെ സ്വപ്‌നം പൂവണിയുന്നു; വീടൊരുക്കാൻ സഹായവുമായി സുമനസുകൾ; ട്വന്റിഫോർ ഇംപാക്ട്

May 20, 2019
Google News 1 minute Read

മഴയും കാറ്റും പേടിക്കാതെ കയറി കിടക്കാൻ സ്വന്തമായി ഒരു വീടെന്ന തിരുവനന്തപുരം കല്ലറ സ്വദേശിനി നബീനയുടെ സ്വപ്‌നം പൂവണിയുന്നു. വിദേശത്തുള്ളവരുടേയും നാട്ടിലുള്ളവരുടേയും സഹായത്താൽ നബീനയ്ക്കും കുടുംബത്തിനും വീടൊരുങ്ങുകയാണ്. ഇന്ന് വീടിന്റെ തറക്കല്ലിടൽ ചടങ്ങു നടന്നു. പട്ടിണിയും ദുരിതവും നിറഞ്ഞ നബീനയുടെ ദുരിത ജീവിതം ട്വന്റിഫോറാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വാർത്ത കണ്ട പ്രേക്ഷകർ ഉൾപ്പെടെയുള്ള സുമനസുകളാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വന്റിഫോർ ഇംപാക്ട്.

സ്വന്തമെന്നു പറയാൻ നബീനയ്ക്കും കുടുംബത്തിനും നാല് സെന്റ് സ്ഥലമാണ് ഉള്ളത്. ഷീറ്റ് വലിച്ചു കെട്ടി മറച്ച ഒരു ഷെഡിലായിരുന്നു നാലംഗ കുടുംബം അന്തിയുറങ്ങിയിരുന്നത്. കെട്ടുറപ്പുള്ള ഒരു വീടിന് വേണ്ടി പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ നബീന കയറിയിറങ്ങിയിരുന്നു. എന്നാൽ ഒരു പ്രയോജനവും ഉണ്ടായില്ല.
രോഗികളായ ഭർത്താവിന്റേയും മകന്റേയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരോട് യാചിച്ചാണ് നബീന പണം കണ്ടെത്തിയിരുന്നത്. സങ്കടം ഉള്ളിലൊതുക്കി ഭർത്താവിനും മക്കൾക്കും ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി യാചിക്കുമ്പോൾ വീടെന്ന സ്വപ്‌നം എന്നെങ്കിലും യാഥാർത്ഥ്യമാകുമെന്ന് നബീന പ്രതീക്ഷിച്ചിരുന്നു. അതാണ് ഇന്ന് സാധ്യമായിരിക്കുന്നത്. സ്ഥലം എംഎൽഎ ഉൾപ്പെടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.

Read more:ആരുടേയും മുന്നിൽ കൈ നീട്ടരുതെന്നാണ് ഈ കുടുംബത്തിന്റെ ആഗ്രഹം; അതിന് സുമനസുകൾ കനിയണം

കുടുംബത്തിന്റെ ദുരിത കഥയറിഞ്ഞെത്തിയ ട്വന്റിഫോറിന് മുന്നിൽ നബീന മനസു തുറന്നു. വാർത്തയിൽ നൽകിയതിനും അപ്പുറമായിരുന്നു അവർ പറഞ്ഞ വേദനിപ്പിക്കുന്ന ജീവിതാനുഭവം. ഭർത്താവ് നസീറിന് തുടർച്ചയായി രണ്ട് ഹൃദയാഘാതങ്ങൾ ഉണ്ടായതോടെയാണ് നബീനയുടെ ജീവിതം താളംതെറ്റിയത്. പിന്നാലെ ഇളയ മകൻ നൗഫലിന് കടുത്ത പ്രമേഹവും ബാധിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി നബീന. കുടുംബം നോക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് നബീന മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ തുടങ്ങിയത്. മിക്കപ്പോഴും പള്ളികൾക്ക് മുന്നിൽ എത്തിയായിരുന്നു യാചിച്ചിരുന്നത്. എന്തെങ്കിലും കിട്ടുന്നത് വാങ്ങിക്കും. മൂന്ന് പേർക്ക് പൊതിച്ചോർ വാങ്ങാനുള്ള പണം കണ്ടെത്തിക്കഴിഞ്ഞാൽ യാചിക്കുന്നത് നിർത്തി ഭക്ഷണം വാങ്ങി വീട്ടിലെത്തും. ഭർത്താവിന്റേയും മക്കളുടേയും വയർ നിറഞ്ഞ് ബാക്കിയുണ്ടെങ്കിൽ മാത്രമായിരുന്നു നബീന കഴിച്ചിരുന്നത്. ധരിക്കുന്നത് മറ്റുള്ളവർ നൽകിയിരുന്ന ഇട്ടുപഴകിയ വസ്ത്രങ്ങളും.

നബീനയുടെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയാണ്. ഭർത്താവിനേയും മകനേയും ചികിത്സിക്കുന്നതിനും പട്ടിണി മാറ്റുന്നതിനും നബീനയ്ക്ക് ജീവിതം തുടർന്നേ പറ്റൂ. നാട്ടുകാരുടെ പിന്തുണയാണ് നബീനയെ ഇനി മുന്നോട്ടു നയിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here