ഒരു പാർട്ടിക്കും ‘മാജിക്ക് നമ്പർ’ ലഭിച്ചില്ലെങ്കിൽ ? വീണ്ടും തൂക്കുമന്ത്രിസഭ വരുമോ ? എന്താണ് തൂക്കുമന്ത്രിസഭ ?

രാജ്യം ഏറെ ആകംക്ഷയോടെ ഉറ്റുനോക്കിയ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്നലെ വിവിധ മാധ്യമങ്ങളുടേയും ഏജൻസികളുടേയും എക്‌സിറ്റ് പോളുകളും പുറത്തുവന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ബിജെപിക്കാണ് ഇത്തവണയും വിജയസാധ്യത. 300 സീറ്റോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് ഫലങ്ങൾ പറയുന്നു.

272 സീറ്റാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതാണ് മാജിക്ക് നമ്പർ. മെയ് 23 ലെ വോട്ടെണ്ണലിന് ശേഷം മാത്രമേ ബിജെപിക്ക് ഈ മാജിക്ക് നമ്പറിലേക്ക് എത്താൻ സാധിക്കുമോ ഇല്ലയോ എന്നൊക്കെ അറിയാൻ സാധിക്കുകയുള്ളു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളെല്ലാം തിരക്കിട്ട സഖ്യ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഈ മാജിക്ക് നമ്പറിലേക്ക് ബിജെപിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

എന്താണ് തൂക്കു മന്ത്രിസഭ, അത് രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കും?

എന്താണ് തൂക്കു മന്ത്രിസഭാ

ഒരു പാർട്ടിക്കോ അഥവാ ഭരിക്കുന്ന പാർട്ടിക്കോ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റ് ലഭിക്കാതെ വരുമ്പോൾ രൂപീകരിക്കപ്പെടുന്ന ഒന്നാണ് തൂക്കു മന്ത്രിസഭ . ഇന്ത്യയിൽ ഏകദേശം 50 ശതമാനത്തിൽ കൂടുതൽ സീറ്റുകൾ വേണം ഒരു പാർട്ടിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ . 543 സീറ്റുകളാണുള്ളത് ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട 2 സീറ്റുകളും ചേർന്ന് 545 സീറ്റുകളാണ് ലോക്‌സഭയിൽ ഉള്ളത്. ഭരിക്കുന്ന പാർട്ടിക്ക് 543 ന്റെ 50 ശതമാനം അതായത് 272 വേണം ഭൂരിഭാഗം ലഭിക്കാൻ .

തൂക്കു മന്ത്രിസഭ വന്നാൽ ?

നിലവിൽ ഭൂരിപക്ഷം ലഭിച്ച പാർട്ടിക്ക് തന്നെ സർക്കാർ രൂപീകരിക്കാം. ഇതിനായി തങ്ങളുടെ സഖ്യത്തിലേക്ക് പുതിയ അംഗങ്ങളെയും ക്ഷണിക്കാം. മറ്റൊരു സാധ്യത ന്യൂനപക്ഷ സർക്കാർ രൂപീകരണമാണ്. ഇതിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി സർക്കാർ രൂപീകരിക്കുകയും, മറ്റ് ന്യൂനപക്ഷ പാർട്ടികൾ ഈ സഖ്യത്തിൽ ചേർന്ന് ഇവരെ പിൻതാങ്ങുകയും വേണം. മൂന്നാമത്തെ സാധ്യത വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ്.

തൂക്കു മന്ത്രിസഭയിൽ രാഷ്ട്രപതിയുടെ പങ്ക്

തൂക്കുമന്ത്രിസഭയാണ് എന്ന് ഉറപ്പായാൽ രാഷ്ട്രപതിക്ക് ചുമതലയെടുക്കാ .ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. ഇത് സാധ്യമല്ലെങ്കിൽ തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യം ചേർന്നവരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം. ഇതും സാധ്യമല്ലെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സഖ്യ രൂപീകരണത്തിന് ശേഷം ഏറ്റവും വലിയ പക്ഷത്തെ നേതാവിനെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാം .

ഈ വ്യക്തിക്ക് മറ്റു പാർട്ടികളിൽ നിന്നും പിന്തുണയില്ലെന്ന് കണ്ടാൽ രാഷ്ട്രപതിക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ആർക്കാകും സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുക എന്ന തീരുമാനത്തിൽ എത്തിച്ചേർന്ന് അതിനായുള്ള നടപടികൾ കൈക്കൊള്ളാം.

രാഷ്ട്രപതി പിന്നീട് ഇത് വിശ്വാസ വോട്ടെടുപ്പിന് വെക്കും. ഏത് പാർട്ടിയാണോ സഖ്യമാണോ വിശ്വാസവോട്ടെടുപ്പ് വിജയിക്കുന്നത് അവർക്ക് സർക്കാർ രൂപീകരിക്കാം. സർക്കാർ രൂപപ്പെട്ടതിനു ശേഷം അവർ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ മന്ത്രിസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. തൂക്കുമന്ത്രിസഭയിൽ ഒരു പാർട്ടിക്കും സുസ്ഥിരമായ സർക്കാർ രൂപീകരണം സാധ്യമായില്ലെങ്കിൽ പിന്നെ രാഷ്ട്രപതി ഭരണമാണ് നടക്കുക. ഏറ്റവും കൂടുയത്, ആറ് മാസക്കാലത്തോളം ഇത് തുടരാം. അതിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം .

ഇന്ത്യ തൂക്കു മന്ത്രിസഭയ്‌ക്ക് സാക്ഷ്യം വഹിച്ച നാളുകൾ

ഒമ്പതാമത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം 1989 ലാണ് ഇന്ത്യ ആദ്യമായി തൂക്കു മന്ത്രിസഭയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. ഒരുപാട് വിവാദങ്ങൾക്ക് ശേഷം കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ ആ തെരഞ്ഞെടുപ്പിൽ നേടാനായുള്ളു. ജനതാദൾ 143 സീറ്റും, ബിജെപി 85 സീറ്റും നേടി. ബിജെപിയുടേയും മറ്റ് ഇടതുപക്ഷ പാർട്ടികളുടേയും സഹായത്തോടെ ജനതാദൾ അന്ന് സർക്കാർ രൂപീകരിച്ചു. വിശ്വനാഥ് പ്രതാപ് സിങ് അന്ന് പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നു.

എന്നാൽ പ്രധാനമന്ത്രിയായിരുന്ന വിപി സിംഗിന്റെ എതിരാളി ചന്ദ്ര ശേഖർ ജനതാദളിൽ നിന്നും വിട്ട് സമാജ്വാദി ജനതാ പാർട്ടി രൂപീകരിച്ചു. 1990 ലായിരുന്നു ഇത്. ഇതോടെ അധികാരത്തിൽ നിന്നും താഴെയിറങ്ങേണ്ടി വന്നു വിപി സിംഗിന്. അതേ വർഷം തന്നെ കോൺഗ്രസിന്റെ പിന്തുണയോടെ ചന്ദ്ര ശേഖർ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നു. എന്നാൽ 1990 നവംബർ 10 മുതൽ 1991 ജൂൺ 21 വരെ മാത്രമേ ചന്ദ്ര ശേഖറിന് പ്രധാനമന്ത്രിയായി തുടരാൻ സാധിച്ചുള്ളു. പിന്നീട് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.

പത്താം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേപോലെ തൂക്കു മന്ത്രിസഭക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു . അന്ന് 232 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപി 120 ഉം. പിവി നരസിംഹ റാവോ പ്രധാനമന്ത്രിമന്ത്രിസഭ രൂപീകരിച്ചു. ഈ മന്ത്രിസഭ അഞ്ച് വർഷം നിലനിന്നും.

പതിനൊന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത് 1996 ആണ് . ഇത്തവണയും തൂക്കു മന്ത്രിസഭാ വന്നു. നിയമപ്രകാരം രാഷ്ട്രപതി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. സഖ്യത്തിനായി ബിജെപി ശ്രമിച്ചുവെങ്കിലും പക്ഷേ അധികകാലം അധികാരത്തിൽ തുടരാനാകാതെ എബി വാജ്‌പേജ് പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവെച്ചു.

1998 ലും തൂക്കു മന്ത്രിസഭ വന്നു. പന്ത്രണ്ടാമത്തെ ലോക സഭ തെരഞ്ഞെടുപ്പിൽ. അന്ന് 182 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 141 ഉം. പറ്റ് പ്രാദേശിക പാർട്ടികൾക്കെല്ലാം കൂടി 101 സീറ്റും. ഇതെ തുടർന്ന് പ്രാദേശിക പാർട്ടികളെയെല്ലാം കൂട്ടി എൻഡിഎ എന്ന വിശാല മുന്നണിക്ക് ബിജെപി രൂപം നൽകുകയും വാജ്‌പേയ് രണ്ടാം തവണ പ്രധാനമന്ത്രി പദത്തിൽ എത്തുകയും ചെയ്തു. എന്നാൽ 1999 ൽ എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതോടെ വാജ്‌പേയ് വീണ്ടും രാജിവെക്കേണ്ടി വന്നു.

രാഷ്ട്രീയ പാർട്ടികളെ കുറിച്ചും, സ്ഥാനാർത്ഥികളെ കുറിച്ചും മണ്ഡലങ്ങളെ കുറിച്ചുമല്ലാതെ, പൊതു തെരഞ്ഞെടുപ്പിന്റെ ‘മറ്റൊരു വശം’ തുറന്നു കാട്ടുന്ന, തെരഞ്ഞെടുപ്പിനെ കുറിച്ച് നമ്മുടെയുള്ളിലെ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന പംക്തിയാണ് എബിസിഡി ഓഫ് ഇലക്ഷൻ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More