പെരുന്നാളാഘോഷത്തിനു സ്വരുക്കൂട്ടിയ പണം വൃക്കരോഗിയായ മലയാളിക്ക് നൽകി ഇതര സംസ്ഥാനത്തൊഴിലാളികൾ

നാട്ടിൽ പോയി പെരുന്നാളാഘോഷത്തിൽ പങ്കെടുക്കാനായി സ്വരുക്കൂട്ടിയ പതിനായിരം രൂപ വൃക്കരോഗിയായ മലയാളിക്കു നൽകി ഇതര സംസ്ഥാനത്തൊഴിലാളികൾ. പശ്ചിമ ബംഗാൾ സ്വദേശികളായ ഏതാനും ഇതര സംസ്ഥാനത്തൊഴിലാളികളാണ് വൃക്കരോഗിയായ മുബഷിറിന് പണം നൽകിയത്. മലപ്പുറം കാളികാവിലാണ് സംഭവം.
രണ്ടാഴ്ചക്കു ശേഷം വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി വാണിയമ്പലം റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ഇതര സംസ്ഥാന തൊഴിലാളികൾ. ജോലി ചെയ്ത് കിട്ടുന്ന ദിവസക്കൂലിയിൽ നിന്നും സ്വരുക്കൂട്ടി നാട്ടിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കുറച്ചു പണം അവർ കരുതിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുമ്പോഴാണ് മുബഷിറിനെപ്പറ്റി അവർ അറിയുന്നത്. മുബഷിറിന്റെ പിതാവ് വർഷങ്ങളായി തളർവാതം പിടിപെട്ട് കിടപ്പിലാണ്. മുബഷിറിൻ്റെ ചികിത്സ പള്ളികളിലെ പിരിവു കൊണ്ടാണ് നടന്നു പോകുന്നത്. രണ്ട് വൃക്കകളും തകരാറിലായ മുബഷിറിനെപ്പറ്റി അറിഞ്ഞ അവർ ആഘോഷം മാറ്റി വെച്ച് മനുഷ്യ സ്നേഹത്തിനു പരിഗണന നൽകാൻ തീരുമാനിച്ചു.
നമ്പർ സംഘടിപ്പിച്ച് അവർ മുബഷിറിനെ വിളിച്ചു. വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വരാൻ അവർ മുബഷിറിനോട് ആവശ്യപ്പെട്ടു. പറഞ്ഞതു പ്രകാരം മുബഷിർ റെയിൽവേ സ്റ്റേഷനിലെത്തി. ബാഗിൽ കരുതിയിരുന്ന പണം ഒരുപാട് ആലോചിക്കാതെയും സംസാരിക്കാതെയും അവർ മുബഷിറിനു കൈമാറി. ഇതൊക്കെ കഴിഞ്ഞിട്ടാണ് റെയിൽവേ സ്റ്റേഷനിൽ കൂടിയിരുന്നവർ സംഭവം അറിഞ്ഞത്. അപ്പോഴേക്കും അവർ നാട്ടിലേക്കുള്ള വണ്ടി പിടിച്ചു കഴിഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here