കൊച്ചിയില്‍ കോടികളുടെ മയക്ക് മരുന്നു വേട്ട; 6.5 കിലോഗ്രാം ചരസും വിദേശ നിര്‍മ്മിത പിസ്റ്റളും പിടിച്ചെടുത്തു

കൊച്ചിയില്‍ കോടികളുടെ മയക്ക് മരുന്നു വേട്ട. 6.5 കിലോഗ്രാം ചരസും വിദേശ നിര്‍മിത പിസ്റ്റളും പിടിച്ചെടുത്തു. ഇന്റര്‍നാഷണല്‍ ഡ്രഗ് കരിയര്‍ ജൂഡ്‌സണില്‍ നിന്നാണ് എക്‌സൈസ് ചരസും പിസ്റ്റളും പിടിച്ചെടുത്തത്. എക്‌സ്സൈസ് സംഘത്തെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിനിടെയാണ് ജൂഡ്‌സണെ എക്‌സൈസ് കീഴ്‌പ്പെടുത്തിയത്.

കേരളത്തില്‍ നിന്ന് ഇത്രയധികം ചരസ്സ് പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്. ഉത്തര്‍ പ്രദേശില്‍ നിന്ന് റോഡുമാര്‍ഗ്ഗമാണ് ചരസ്സ് കേരളത്തില്‍ എത്തിച്ചത്. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീ.ചന്ദ്രപാലന്റെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള അന്‍പതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ചരസ്സിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്.

നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാന കണ്ണി പുതു വൈപ്പ വില്ലേജില്‍ ആലുവപറമ്പ് വീട്ടില്‍ ആന്റണി മകന്‍ വര്‍ഗീസ് ജൂഡ് സണനാണ്. ഇയാളുമായി ഏറ്റവും അടുപ്പമുള്ള കസ്റ്റമര്‍ മുഖേന എക്‌സൈസ് സംഘത്തിലൊരാള്‍ ടോപ്പ് കസ്റ്റമറായി അഭിനയിച്ച് വന്‍തുക കാട്ടി പ്രലോഭിച്ചായിരുന്നു ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ബാക്കിയുള്ള ചരസ് കൂടി പിടിച്ചെടുത്തു. ആകെ 6.5 കിലോ ചരസും വിദേശ നിര്‍മിത പിസ്റ്റളും,8 തിരകളും പിടിച്ചെടുത്തിട്ടുണ്ട്.

Top