Advertisement

ഒൻപതാം ക്ലാസിൽ പഠനം നിർത്തി; ഇപ്പോൾ തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിനു വേണ്ടി പുസ്തകങ്ങളുടെ പുറം ചട്ട തയ്യാറാക്കുന്നു: ഇതാണ് കതിർ

May 22, 2019
Google News 0 minutes Read

ഒൻപതാം ക്ലാസിൽ പഠനം നിർത്തിയ യുവാവ് ഇപ്പോൾ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിനു വേണ്ടി പുസ്തകങ്ങളുടെ പുറം ചട്ട തയ്യാറാക്കുകയാണ്. കതിർ അറുമുഖം എന്ന 33കാരനാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ പതറാതെ മാതൃകയാവുന്നത്. പുസ്തകങ്ങളുടെ പുറം ചട്ട നോക്കിയാൽ തന്നെ ആ പുസ്തകത്തെപ്പറ്റി കുട്ടികൾക്ക് ധാരണയുണ്ടാവണമെന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാഭ്യാസ ബോർഡ് കതിറിനെ ജോലി ഏല്പിച്ചത്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കതിറിന് ഒരു ബോധമുണ്ടായി. പത്താം ക്ലാസ് പാസായാലും കോളെജിലൊന്നും പോവാൻ കയ്യിൽ പണമില്ല. തന്നെയുമല്ല, വരകളെ സ്നേഹിക്കുന്ന താൻ പഠിച്ചിട്ടെന്താണ്? ആ ബോധാവസ്ഥയുടെ കരം പിടിച്ച് കതിർ പള്ളിക്കൂടത്തോട് റ്റാറ്റാ പറഞ്ഞു. അച്ഛൻ മരിച്ചതിനു ശേഷം രണ്ട് മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മയുടെ രൂപം ആ തീരുമാനത്തിൻ്റെ ചാലകശക്തിയായി.

ഈറോഡിലെ ഒരു ചായക്കടയിലാണ് ആദ്യം കതിർ പണിയെടുത്തത്. ജോലിയും വരയും അവിടെ തുടർന്നു. എന്നും അടുത്തുള്ള ഒരു ഡിസൈനിംഗ് കമ്പനിയിൽ ചായ കൊടുക്കാൻ പോയിരുന്ന കതിർ അവിടെ വെച്ചാണ് ഗ്രാഫിക് ഡിസൈനിംഗ് എന്ന പദം ആദ്യമായി കേൾക്കുന്നത്. ചായ കൊടുക്കുന്നതിനോടോപ്പം അവൻ അവിടെ നിന്ന് നിശബ്ദമായി പലതും പഠിച്ചു. ഏകലവ്യൻ്റെ പരിശീലനക്കളരി ചായക്കടയിലെ ചായ്പിലേക്ക് മാറ്റിയ കതിർ സ്വയം പാകപ്പെടാൻ തുടങ്ങി. ഒപ്പം ഗ്രാഫിക് ഡിസൈനിംഗ് പഠനമെന്ന ആഗ്രഹവും അവനിൽ മുളച്ചു. തുടർന്ന് അതിനു പണമുണ്ടാക്കാനുള്ള ശ്രമമായിരുന്നു.

ശ്രീലങ്കൻ അഭയാർത്ഥികളുടെ വീടുകൾക്ക് പെയിൻ്റടി, കെട്ടിട നിർമ്മാണത്തൊഴിൽ, പത്ര വിതരണം എന്നിങ്ങനെ കതിർ എല്ലാ പണിയും ചെയ്തു. അവൻ്റെ ആഗ്രഹങ്ങൾക്കു മുന്നിൽ ഒന്നും തടസ്സമായിരുന്നില്ല. കുറച്ച് പണമായപ്പോൾ അവൻ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സിനു ചേർന്നു. വഴിത്തിരിവ് എന്ന് നമ്മൾ പറയാറില്ലേ? അതായിരുന്നു ഗ്രാഫിക് ഡിസൈനിംഗ് പഠനം. രാത്രി 8 മുതൽ രാവിലെ 6 വരെ ജോലി ചെയ്ത് പകൽ അവൻ വരപ്പാഠങ്ങൾ പഠിച്ചു. ദിവസവും 20 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു അവൻ്റെ പഠനം.

ജീവിതയാത്രക്കിടെ പല ചിത്രകാരെയും കതിർ കണ്ടു. ചിലർ അവൻ്റെ കൈപിടിച്ചു. അങ്ങനെ അവൻ്റെ കൈപിടിച്ച് നടത്തിയ ഒരാൾ ഒരു തമിഴ് മാസികയിൽ അവന് ജോലി ശരിയാക്കി. മാസികയുടെ പുറം ചട്ട തയ്യാറാക്കലായിരുന്നു ജോലി. അവിടെയായിരുന്നു അടുത്ത വഴിത്തിരിവ്. 2018ൽ തമിഴ്നാട് ടെക്സ്റ്റ് ബുക്ക് കോർപ്പറേഷനിൽ നിന്നും കതിറിന് ഒരു കോൾ വന്നു. ആ കോളാണ് കതിറിനെ ഇവിടെയെത്തിച്ചത്.

കതിർ നിർത്തിയിട്ടില്ല. തമിഴ് ഫോണ്ടുകൾ വികസിപ്പിക്കാനുള്ള ശ്രമം അയാൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒപ്പം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സൗജന്യമായി ചിത്രരചന പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജീവിതം പഠിപ്പിച്ചതിന് കതിർ തിരികെ നൽകുന്ന സമ്മാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here