ശ്രീലങ്കൻ ക്രിക്കറ്റിൽ രാഷ്ട്രീയക്കളികൾ; ക്രിക്കറ്റിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്ന് ജയവർധനെ

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് മുൻ ലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനെ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയക്കളികളാണെന്നും അതുകൊണ്ട് തന്നെ ബോർഡ് നൽകിയ ലോകകപ്പ് ഓഫർ താൻ നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സണ്ടേ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ജയവർധനെയുടെ വെളിപ്പെടുത്തൽ.
മുൻ താരങ്ങളായ ജയവർധനയുടെയും സങ്കക്കാരയുടെയും പടിയിറങ്ങലോടെ തകർന്നു പോയ ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലേറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മറ്റ് ടീമുകൾ കരുത്തുറ്റ യുവ ടീമിനെ വാർത്തെടുക്കുമ്പോൾ ശ്രീലങ്കയിൽ അത് സംഭവിക്കുന്നില്ല എന്നതാണ് അവരുടെ പരാജയം. ഇത് ചൂണ്ടിക്കാട്ടി ജയവർധനെ, സങ്കക്കാര, അരവിന്ദ ഡിസിൽവ എന്നിവർ ചേർന്ന് ചില മാർഗനിർദ്ദേശങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു സമർപ്പിച്ചിരുന്നെങ്കിലും ബോർഡ് അത് അപ്പാടെ നിരസിച്ചു. അതുകൊണ്ട് തന്നെ ഒരു നോക്കുകുത്തിയായി ടീമിനൊപ്പം യാത്ര ചെയ്യാൻ താൻ തയ്യാറല്ലെന്നാണ് ജയവർധനെയുടെ വിശദീകരണം.
“ബോർഡ് എന്നെ പല വട്ടം ക്ഷണിച്ചിരുന്നു. പക്ഷേ, എനിക്ക് മറ്റു ചില കടമകളുണ്ട്. അതിനെക്കാളുപരിയായി, എന്താവുമെൻ്റെ റോൾ എന്നതിനെപ്പറ്റി എനിക്കറിയില്ല. ടീം തെരഞ്ഞെടുപ്പും മറ്റും കഴിഞ്ഞിട്ട് ഞാൻ എന്തു ചെയ്യാനാണ്. അതിൽ കാര്യമില്ല. എനിക്ക് പറ്റിയ സ്ഥലമല്ലെന്നറിഞ്ഞിരുന്നിട്ടും ആർക്കു വേണ്ടിയും പണിയെടുക്കുക എന്നത് എൻ്റെ രീതിയല്ല.” ജയവർധനെ പറഞ്ഞു.
“എട്ട് മാസം പണിയെടുത്താണ് ഞങ്ങൾ (ജയവർധനെ, സങ്കക്കാര, ഡിസിൽവ) ഒരു പ്രൊഫഷണൽ ക്രിക്കറ്റിംഗ് സ്ട്രക്ചർ തയ്യാറാക്കിയത്. അത് നടപ്പിലാക്കാൻ ഞങ്ങൾ നിർദ്ദേശിച്ചെങ്കിലും അവരത് (ക്രിക്കറ്റ് ബോർഡ്) നിരസിച്ചു. ഞങ്ങളുടെ ക്രിക്കറ്റ് കളിക്കാർ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ക്ലബ് ക്രിക്കറ്റ് കളിക്കാൻ പോകുന്നത് ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ഞങ്ങൾ അത് ചെയ്തത്. കാരണം, ആ ക്രിക്കറ്റർമാർ ഞങ്ങളുടെ ക്രിക്കറ്റിംഗ് സിസ്റ്റത്തിൽ ഉണ്ടാവണം.”
ആഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ എന്നിവരുടെ ക്യാപ്റ്റൻസിയെയും ജയവർധനെ വിമർശിച്ചു. ക്രിക്കറ്റ് രാഷ്ട്രീയത്തിലേക്ക് പോവരുതെന്നും ഒരു ക്യാപ്റ്റനെന്ന നിലയിൽ കരുത്ത് കാണിക്കണമെന്നും താൻ മാത്യൂസിനോട് പറഞ്ഞുവെന്ന് ജയവർധനെ പറഞ്ഞു. പക്ഷേ, മാത്യൂസ് ക്രിക്കറ്റ് രാഷ്ട്രീയത്തിലേക്ക് പോയി. തൻ്റെ കളിക്കാർക്കൊപ്പം നിൽക്കാതെ മറ്റുള്ളവരെ തീരുമാനങ്ങളെടുക്കാൻ അനുവദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here