ജയിലിലെത്തി എൻഎസ്എസ് പ്രതിനിധി പിന്തുണയറിച്ചിരുന്നു; എൻഎസ്എസ് പിന്നീട് പാലം വലിച്ചെന്ന് കെ.സുരേന്ദ്രൻ

പിന്തുണയുണ്ടാകുമെന്ന് എൻഎസ്എസ് പ്രതിനിധി കൊട്ടാരക്കര സബ്ജയിലിലെത്തി തനിക്ക് വാക്ക് തന്നതാണെന്നും എന്നാൽ എൻഎസ്എസ് പിന്നീട് പാലം വലിച്ചുവെന്നും ബിജെപി കോർകമ്മിറ്റി യോഗത്തിൽ കെ.സുരേന്ദ്രൻ. എൻഎസ്എസിന്റെ സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷിച്ച പോലെ കിട്ടിയില്ലെന്നും നേതാക്കൾ വിലയിരുത്തി. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കോർ കമ്മിറ്റിയിൽ ഉണ്ടായത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിൽ ബിജെപി ദേശീയ നേതൃത്വവും അതൃപ്തി അറിയിച്ചു. രണ്ട് മുതൽ മൂന്നിടത്ത് വരെ ജയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നതായി സംസ്ഥാന സമിതിയിൽ വിലയിരുത്തലുണ്ടായി. ഔദ്യോഗിക നേതൃത്വത്തിനെതിരായ വിമർശനത്തോടെയായിരുന്നു കോർകമ്മിറ്റിയുടെ തുടക്കം. സ്ഥാനാർത്ഥി നിർണയം ഏറെ വൈകിയത് പത്തനംതിട്ടയിൽ പ്രചാരണത്തെ ബാധിച്ചതായി വിമർശനമുയർന്നു. പ്രസിഡന്റിന്റെ ചില വാക്കുകൾ തിരിച്ചടിയായെന്നും കോർകമ്മിറ്റിയിൽ അഭിപ്രായങ്ങളുണ്ടായി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിൽ ഏറ്റവും വർധനവ് ഉണ്ടായത് കേരളത്തിലാണെന്നും ഇക്കാര്യം ദേശീയ നേതൃത്വം പ്രത്യേകം പരാമർശിച്ചതായും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിളള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here