Advertisement

അടിച്ചത് 421; എന്നിട്ടും 50 ഓവർ തികക്കാനായില്ല: ടീമുകൾക്ക് മുന്നറിയിപ്പു നൽകി വെസ്റ്റ് ഇൻഡീസ്

May 28, 2019
Google News 0 minutes Read

ന്യൂസിലൻഡിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. 49. 2 ഓവറിൽ 421 റൺസിന് വിൻഡീസ് ഓൾ ഔട്ടാവുകയായിരുന്നു. സെഞ്ചുറി നേടിയ ഷായ് ഹോപ്പ് ആണ് വിൻഡീസ് ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറി നേടിയ ആന്ദ്രേ റസൽ ഉൾപ്പെടെ മറ്റു കളിക്കാരും വിൻഡീസ് സ്കോറിലേക്ക് ശ്രദ്ധേയമായ സംഭാവന നൽകി. 4 വിക്കറ്റെടുത്ത ട്രെൻ്റ് ബോൾട്ടാണ് ന്യൂസിലൻഡിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്.

ബൗളർമാരെ നാലുപാടും തല്ലിച്ചതച്ചാണ് ക്രിസ് ഗെയിൽ തുടങ്ങിയത്. 34 റൺസെടുത്ത ഗെയിൽ പുറത്തായെങ്കിലും തുടർന്നെത്തിയ ഷായ് ഹോപ്പ് റൺ നിരക്ക് താഴാതെ ശ്രദ്ധിച്ചു. അർദ്ധസെഞ്ചുറിയടിച്ചതിനു പിന്നാലെ ഓപ്പണർ എവിൻ ലൂയിസും മടങ്ങി. ഡാരൻ ബ്രാവോ (25), ഷിംറോൺ ഹെട്‌മെയർ (27), എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ ഷായ് ഹോപ്പ് സെഞ്ചുറിയടിച്ചതിനു തൊട്ടു പിന്നാലെ പുറത്തായി. 86 പന്തുകളിൽ 101 റൺസെടുത്ത ഹോപ്പ് പുറത്തായതിനു പിന്നാലെ 32 പന്തുകളിൽ 47 റൺസെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറും മടങ്ങി.

9 റൺസെടുത്ത നിക്കോളാസ് പൂരനു പകരം ക്രീസിലെത്തിയ ആന്ദ്രേ റസൽ ഐപിഎല്ലിലെ മിന്നുന്ന ഫോം ലോകകപ്പിലേക്കും നീട്ടി. ബൗണ്ടറി മഴയുമായി ആന്ദ്രേ റസൽ കത്തിക്കേറിയതോടെ വിൻഡീസ് സ്കോർ കുതിച്ചുയർന്നു. ഒടുവിൽ 25 പന്തുകളിൽ 54 റൺസെടുത്ത റസൽ പുറത്തായെങ്കിലും കാർലോസ് ബ്രാത്‌വെയ്റ്റ് (24), ആഷ്ലി നഴ്സ് (21) എന്നിവർ ചേർന്ന് വിൻഡീസ് സ്കോർ മുന്നോട്ടു നയിച്ചു. ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ഒരു റണ്ണെടുത്ത കെമാർ റോച്ച് പുറത്തായതോടെയാണ് വിൻഡീസ് ഇന്നിംഗ്സ് അവസാനിച്ചത്. നഴ്സ് പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here