Advertisement

6 വിക്കറ്റുകളുമായി ‘കുൽ-ച’; ഇന്ത്യക്ക് അനായാസ ജയം

May 28, 2019
Google News 0 minutes Read

ലോകകപ്പിനു മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അനായാസ ജയം. 95 റൺസിനാണ് ഇന്ത്യ ജയം കുറിച്ചത്. 360 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 264ന് എല്ലാവരും പുറത്താവുകയായിരുന്നു. 3 വീതം വിക്കറ്റുകളെടുത്ത കുൽദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും 2 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേർന്നാണ് ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്. 90 റൺസെടുത്ത മുഷ്ഫിക്കുർ റഹ്‌മാനാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ.

ഇന്ത്യയെ അപേക്ഷിച്ച് നന്നായിത്തുടങ്ങിയ ബംഗ്ലാദേശ് ആദ്യ വിക്കറ്റിൽ 49 കൂട്ടിച്ചേർത്താണ് വേർപിരിഞ്ഞത്. 10ആം ഓവറിൽ 25 റൺസെടുത്ത സൗമ്യ സർക്കാരിനെ പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ച ബുംറ തൊട്ടടുത്ത പന്തിൽ ഷക്കീബിൻ്റെ കുറ്റി പിഴുതു. തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന മുഷ്ഫിക്കുറും ലിറ്റൻ ദാസും ചേർന്ന് മൂന്നാം വിക്കറ്റിൽ 120 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തി. 32ആം ഓവറിൽ ലിറ്റൻ ദാസിനെയും മുഹമ്മദ് മിഥുനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ചഹാൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 73 റൺസെടുത്ത ലിറ്റൻ ദാസിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒരു വശത്ത് മുഷ്ഫിക്കുർ പിടിച്ച് നിന്നെങ്കിലും മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ബംഗ്ലാദേശ് സ്കോറിംഗിനെ പിന്നോട്ടടിച്ചു. 36ആം ഓവറിൽ മഹ്മുദുല്ല (9)യുടെ വിക്കറ്റ് പിഴുതാണ് കുൽദീപ് വിക്കറ്റ് കോളത്തിൽ ഇടം പിടിക്കുന്നത്. 40ആം ഓവറിലെ തുടർച്ചയായ പന്തുകളിൽ മുഷ്ഫിക്കുർ റഹിം, മൊസദ്ദക് ഹുസൈൻ എന്നിവരെ കൂടി പുറത്താക്കിയ കുൽദീപ് വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. 94 പന്തുകളിൽ നിന്നും 90 റൺസെടുത്ത മുഷ്ഫിക്കുർ ക്ലീൻ ബൗൾഡാവുകയായിരുന്നു. 41ആം ഓവറിൽ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ വിക്കറ്റു സമ്മാനിച്ച് 7 റൺസെടുത്ത സബ്ബിർ റഹ്മാനും മടങ്ങി.

ഒൻപതാം വിക്കറ്റിൽ മെഹദി ഹസനും മുഹമ്മദ് സെയ്ഫുദ്ദീനും ചേർന്ന് 46 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 49ആം ഓവറിൽ 18 റൺസെടുത്ത സൈഫുദ്ദീനെ പുറത്താക്കിയ ചഹാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അവസാന ഓവറിലെ മൂന്നാം പന്തിൽ 27 റൺസെടുത്ത മെഹ്ദി ഹസൻ റണ്ണുട്ടായതോടെ ഇന്ത്യ വിജയം കുറിക്കുകയായിരുന്നു.

അതേ സമയം, ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസ് 91 റൺസിൻ്റെ കൂറ്റൻ ജയം കുറിച്ചു. 422 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 47.2 ഓവറിൽ 330 റൺസിന് എല്ലാവരും പുറത്തായി. 106 റൺസെടുത്ത ടോം ബ്ലണ്ടലാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. 85 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണും ന്യൂസിലൻഡിനു വേണ്ടി തിളങ്ങി. 3 വിക്കറ്റെടുത്ത കാർലോസ് ബ്രാത്‌വെയ്റ്റാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here