കെവിൻ വധക്കേസ്; എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡിജിപി

കെവിൻ വധക്കേസിൽ വീഴ്ച്ച വരുത്തിയ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഡി.ജി.പി പറഞ്ഞു. പിരിച്ചു വിടുന്നതിനു നിയമ തടസ്സമുണ്ടെന്നും വിശദമായ പരിശോധന വേണ്ടി വരുമെന്നുമാണ് പോലീസ് അധികാരികളിൽ നിന്നു ലഭിക്കുന്ന സൂചന. എസ്.ഐ. ഷിബുവിനെതിരെ വകുപ്പുതല നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു. ഷിബുവിന്റെ സീനിയോറിറ്റി വെട്ടിക്കുറയ്ക്കുമെന്നും ശമ്പളം തടയലും, തരം താഴ്ത്തലും പരിഗണിക്കുമെന്നും അറിയിച്ചു.

കെവിൻ കേസിൽ വീഴ്ച്ച വരുത്തിച്ച എസ്‌ഐയെ തിരിച്ചെടുത്ത സംഭവത്തിൽ കുടുംബം പരാതി നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനായിരുന്നു തീരുമാനം.

അതേസമയം, കെവിൻ വധക്കേസിലെ എസ്‌ഐയെ തിരിച്ചെടുത്ത സംഭവം അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തന്നെ അട്ടിമറിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also : കെവിൻ വധക്കേസ്; അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ കോടതി പരിശോധിച്ചു

കോട്ടയം ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബു കെവിൻ കേസിൽ നടപടി നേരിട്ട് സസ്‌പെൻഷനിലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഉടൻ തന്നെ കെവിന്റെ കുടുംബാംഗങ്ങൾ ഗാന്ധി നഗർ സ്‌റ്റേഷനിലെത്തി എസ്.ഐയെ അറിയിച്ചെങ്കിലും മറ്റ് തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞ് എസ്.ഐ ഷിബു അന്വേഷണം വൈകിപ്പിച്ചതായി ആരോപണമുയർന്നിരുന്നു. തുടർന്ന് സസ്‌പെൻഷനിലായ ഷിബുവിനെ ഒരു വർഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് സർവീസിൽ തിരിച്ചെടുത്തത്.

18 മെയ് 24 നാണ് കോട്ടയത്ത് ബിരുദ വിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽവെച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27ന് നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More