തീ തുപ്പി ജോഫ്ര: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം; അംല പരിക്കേറ്റു പുറത്ത്

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. രണ്ടു വിക്കറ്റുകളാണ് ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഓപ്പണർ ഹാഷിം അംല പരിക്കേറ്റ് പുറത്തായത് ദക്ഷിണാഫ്രിക്കക്ക് ഫലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടമായ പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ജോഫ്ര ആർച്ചറാണ്.
നാലാം ഓവറിലെ അഞ്ചാം പന്തിൽ ജോഫ്രയുടെ വേഗമേറിയ ബൗൺസർ ഹെൽമറ്റിലിടിച്ചതിനെത്തുടർന്ന് അംല ക്രീസ് വിടുമ്പോൾ സ്കോർ ബോർഡിൽ 14 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. അംലക്ക് പിന്നാലെ ക്രീസിലെത്തിയ എയ്ഡൻ മാർക്രം എട്ടാം ഓവറിൽ പുറത്തായി. 11 റൺസെടുത്ത മാർക്രമിനെ സ്ലിപ്പിൽ ജോ റൂട്ടിൻ്റെ കൈകളിലെത്തിച്ച ആർച്ചർ തൻ്റെ ആദ്യ ലോകകപ്പ് വിക്കറ്റും സ്വന്തമാക്കി. 10ആം ഓവറിൽ ആർച്ചർ തൻ്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. 5 റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ മൊയീൻ അലിയുടെ കൈകളിലെത്തിച്ചാണ് ജോഫ്ര ഇംഗ്ലണ്ടിന് രണ്ടാം ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്.
അവസാനം റിപ്പോർട്ട് കിട്ടുമ്പോൾ, ദക്ഷിണാഫ്രിക്ക 17 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 86 റൺസിലെത്തിയിട്ടുണ്ട്. 49 റൺസെടുത്ത ക്വിൻ്റൺ ഡികോക്കും 11 റൺസെടുത്ത വാൻ ഡെർ ഡസ്സനുമാണ് ക്രീസിൽ.
നേരത്തെ നാല് അർദ്ധസെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 89 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റെടുത്ത ലുങ്കി എങ്കിഡിയാണ് തിളങ്ങിയത്. ജോ റൂട്ട്, ജേസൻ റോയ്, ഓയിൻ മോർഗൻ എന്നിവരും അർദ്ധസെഞ്ചുറികൾ നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here