ഇഷ്‌ക്; അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വെറുപ്പും നൽകുന്ന ഒരു ചലച്ചിത്രാനുഭവം

ഇഷ്‌ക് പോലെ വെറുക്കപ്പെട്ട ഒരു പടം ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. വില്ലന്മാർ മാത്രമുള്ള ഒരു പടം. രണ്ട് ഷെയിന്മാരുടെയും അഭിനയം കണ്ട് അവരുടെ തലമണ്ട അടിച്ച് പൊളിക്കാൻ തോന്നി. അസ്വസ്ഥതയും കഥാപാത്രത്തോടുള്ള വെറുപ്പും അരക്ഷിതാവസ്ഥയുമാണ് സിനിമയുടെ ഓരോ സീനിലും കാണാൻ കഴിയുന്നത്.

വളരെ സമാധാനപരമായി, ഒരു പ്രണയത്തിൻ്റെ ചുവടു പിടിച്ച് മനോഹരമായി പോകുന്ന സിനിമ. പലപ്പോഴും സ്വന്തം ജീവിതവുമായി ചേർത്തു നിർത്താവുന്ന സീനുകളാണ് അവിടെയൊക്കെ കണ്ടത്. കാറിനുള്ളിൽ വെച്ച് ഒരുമ്മ രണ്ടായി പരിണമിക്കുന്നതും പോവാൻ തുടങ്ങുന്ന സച്ചിയോട് ” ഇത്തിരി കഴിഞ്ഞ് പോവാം” എന്ന് പറയുന്ന വസുവുമൊക്കെ പലപ്പോഴും ജീവിതത്തിൽ അനുഭവിച്ചതു തന്നെയാണ്. അവിടം മുതൽക്കാണ് സിനിമ വെറുപ്പ് സംസാരിച്ചു തുടങ്ങുന്നത്. കാറിനുള്ളിലേക്ക് ടോർച്ച് പ്രകാശിപ്പിച്ച് “എന്താടാ ഇവിടെ പരിപാടി?” എന്ന് ചോദിക്കുന്ന ആൽവിനിൽ നിന്നും സിനിമ മറ്റൊരു മൂഡിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയാണ്. ജീവിതത്തിലൊരിക്കലും അനുഭവിക്കാനിഷ്ടമില്ലാത്ത കുറച്ചധികം സീനുകളിലൂടെയാണ് പിന്നീട് സിനിമയുടെ സഞ്ചാരം.

കമിതാക്കളും കപട സദാചാര ബോധവും തമ്മിൽ ഏറെ ബന്ധമുണ്ട്. അത് അനുഭവിക്കാത്ത കാമുകീകാമുകന്മാർ വളരെ വിരളമായിരിക്കും. എന്നാൽ, രാത്രി ഒറ്റപ്പെട്ട് ഒരു കാറിനുള്ളിൽ രണ്ട് പേരുടെ കപട സദാചാര ബോധം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുടെ ഭീകരത എത്രത്തോളമെന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ആ ഭീകരത അങ്ങനെ തന്നെ കാണികൾക്ക് അനുഭവവേദ്യമാകുന്നു എന്നതാണ് സിനിമയുടെ വിജയം. അഭിനേതാക്കൾ മാത്രമല്ല, ലൈറ്റിംഗും ചിത്രസംയോജനവും ഛായാഗ്രഹണവുമൊക്കെ സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ പൂർണ്ണമായി വിജയിച്ചിട്ടുണ്ട്.

ഏതാണ്ട് മുക്കാൽ മണിക്കൂർ നീളുന്ന കാറിലെ അസ്വസ്ഥതകൾക്കും വെറുപ്പിനും അരക്ഷിതാവസ്ഥയ്ക്കും ശേഷം വരുന്ന ഇടവേള അത്യാവശ്യമായിരുന്നു. ഒന്ന് ആഞ്ഞു ശ്വാസം വിട്ട് ലോകം അവസാനിച്ചിട്ടില്ലെന്നുറപ്പു വരുത്തി വീണ്ടും സീറ്റിലമർന്നു. പക്ഷേ, അസ്വസ്ഥതയും വെറുപ്പും അവിടം കൊണ്ട് അവസാനിച്ചില്ല. അവസാനത്തെ 45 മിനിട്ടുകളോളം വീണ്ടും അത് തുടർന്നു. ആദ്യ പകുതിയിൽ അതിനുള്ള ഊഴം ഷൈൻ ടോമിനായിരുന്നുവെങ്കിൽ രണ്ടാം പകുതിയിൽ അത് ഷെയിൻ നിഗമിൻ്റേതായി. ആൽവിൻ്റെ വീട്ടിലെത്തുന്ന സച്ചി അവിടെ കാണിക്കുന്നതൊക്കെ വെറുപ്പ് പടർത്തിക്കൊണ്ടേയിരുന്നു. യാതൊരു ഇമോഷണൽ ബ്രേക്കുമില്ലാതെ ചിരിച്ച്, വളരെ സൗമ്യമായി ആൽവിൻ്റെ ഭാര്യയോടും മകളോടും സച്ചി കാണിക്കുന്ന പ്രതികാര നടപടികൾ ആദ്യ പകുതിയിൽ ആൽവിൻ കാണിച്ചതിനുള്ള മറുപടിയാണെന്ന് കാണികളെ തെറ്റിദ്ധരിപ്പിക്കുന്ന സംവിധായകൻ അവിടെ ഒരു പ്ലോട്ട് സെറ്റ് ചെയ്യുകയായിരുന്നു.

അവിടെ സിനിമ സച്ചിയെ പിന്തുണയ്ക്കുകയാണോ എന്ന സംശയത്തിലാണ് സ്ലോ മോഷനിൽ ആൽവിൻ്റെ വീട്ടിൽ നിന്നും സച്ചി ഇറങ്ങിപ്പോകുന്നത്. ഒരു വ്യാജ ബിംബം സച്ചിക്കു നൽകി വിജയിയുടെ ഭാവത്തിൽ ക്ലൈമാക്സിലേക്ക് അയാളെ  സിനിമ കൊണ്ടെത്തിക്കുകയാണ്. ഒടുവിൽ വസു ഗംഭീരമായി സ്കോർ ചെയ്യുന്ന ക്ലൈമാക്സിൽ സിനിമ അവസാനിക്കുമ്പോഴാണ് അതുവരെ അനുഭവിച്ച പിരിമുറുക്കങ്ങൾക്ക് ഒരു പരിധി വരെ അയവു വരുന്നത്. എങ്കിലും മനസ്സിനെ ബാധിച്ച അസ്വസ്ഥത അത്ര പെട്ടെന്നൊന്നും വിട്ടു പോവില്ല.

രണ്ടാം പകുതിയിലെ ഒറ്റമുറി സീനിലെ കയ്യടക്കം സംവിധായകൻ്റെ ക്രാഫ്റ്റ് പൂർണ്ണമായി കാട്ടിത്തരുന്നതാണ്. പാളിപ്പോയേക്കാവുന്ന പല സീനുകളും നിർബന്ധബുദ്ധിയോടെ എക്സിക്യൂട്ട് ചെയ്യുന്ന ഒരു അപാര സംവിധായകനെയാണ് സിനിമയിൽ കണ്ടത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ. അതിനോടൊപ്പം ജേക്സിൻ്റെ പശ്ചാത്തല സംഗീതം എടുത്തു പറയണം. സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ പശ്ചാത്തല സംഗീതത്തിൻ്റെ റോൾ നിർണ്ണായകമായി. ദൃശ്യങ്ങളോടൊപ്പം പറ്റിച്ചേർന്നു പോകുന്ന ബാക്ക്‌ഗ്രൗണ്ട് സ്കോർ പലപ്പോഴും ട്രാക്ക് ശ്രദ്ധിക്കാൻ വേണ്ടിത്തന്നെ ശ്രദ്ധിക്കേണ്ടി വന്നു. നോർമലായ സിനിമാസ്വാദനത്തിൽ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും രണ്ടല്ല, ഒന്നാണ്. അതിനോടൊപ്പമാണ് കിരൺ ദാസിൻ്റെ കട്ട്സ്. ഇൻ്റർ കട്ടുകളൊക്കെ അതിഗംഭീരമായി. ഒറ്റപ്പെടലിൻ്റെ ഭീകരതയും നിസ്സഹായതയും ആസ്വാദകനിലേക്ക് പകരുന്നതിൽ അതും നിർണ്ണായകമായി. അൻസർ ഷായുടെ ക്യാമറയും ഇതിലേക്ക് ചേർത്തു വായിക്കണം. ഇതിനൊക്കെ അപ്പുറത്താണ് രതീഷ് രവി എന്ന എഴുത്തുകാരൻ നിൽക്കുന്നത്. ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന സിനിമയും ഈ സിനിമയും എഴുതിയത് ഒരാളാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിലും വിശ്വസിച്ചേ പറ്റൂ. രതീഷ് രവിയുടെ പാത്രസൃഷ്ടിപ്പിലും എഴുത്തിലും ചവിട്ടി നിന്നാണ് അനുരാജ് ഈ സിനിമ ഇത്ര ബ്രില്ല്യൻ്റായ ഒരു വർക്ക് ആക്കിയത്.

രണ്ട് ഷെയിന്മാരും ഒന്നിനൊന്ന് മെച്ചമായി. ഷെയിൻ നിഗം ഈ അടുത്ത കാലത്ത് എണ്ണം പറഞ്ഞ ചില സിനിമകളിലൂടെ തൻ്റെ അഭിനയ പാടവം തെളിയിച്ചു കഴിഞ്ഞതാണ്. എങ്കിലും ഇതുവരെ ചെയ്തു വന്ന വിഷാദ കാമുകൻ എന്ന പോർട്രൈറ്റിൽ നിന്നും അല്പം കൂടി റേഞ്ചുള്ള നടനായി ഷെയിൻ പരിണമിക്കപ്പെടുന്ന മാജിക്കും സിനിമ കാട്ടിത്തന്നു. പ്രത്യേകിച്ചും രണ്ടാം പകുതിയിലെ പ്രകടനം. ഷൈൻ ടോം ഞെട്ടിച്ചു എന്ന തരത്തിലുള്ള എഴുത്തുകൾ വായിക്കുമ്പോൾ അത്ഭുതമാകുന്നു. അയാൾ അഭിനയിക്കാനറിയാമെന്ന് മുൻപും തെളിയിച്ചതാണ്. അന്നയും റസൂലും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരിൽ ഒരാളായിരുന്നു ഷൈൻ. മറ്റേയാൾ ശൃന്ദ. സിനിമയിൽ ഇടിക്കിക്കാ എന്ന് പറയുന്ന ഭാര്യ ഫാസിലയായി ശൃന്ദയും അത് കേട്ട് തല്ലാൻ പോകുന്ന ഭർത്താവ് അബു ആയി ഷൈനും അന്ന് ചെയ്തു വെച്ചത് തന്നെയാണ് അവരുടെ ബെഞ്ച്മാർക്ക്. മുൻപ് പല സിനിമകളിലും മുഖം കാണിച്ചെങ്കിലും രാജീവ് രവിയാണ് ഇരുവരെയും ഊതിക്കാച്ചിയത്. വസു എന്ന വസുധയായി വേഷമിട്ട ആൻ ശീതൾ, ആൽവിൻ്റെ ഭാര്യ മരിയയെ അവതരിപ്പിച്ച ലിയോണ ലിഷോയ്, വെറുപ്പ് പടർത്തുന്ന മറ്റൊരു കഥാപാത്രം മുകുന്ദനായെത്തിയ ജാഫർ ഇടുക്കി എന്നിങ്ങനെ എല്ലാവരും വളരെ ഭംഗിയാക്കി.

ചുരുക്കത്തിൽ, വളരെ ബ്രില്ല്യൻ്റായി അവതരിപ്പിക്കപ്പെട്ട, വില്ലന്മാർ മാത്രമുള്ള, സംവിധായകൻ്റെ കയ്യൊപ്പ് പതിഞ്ഞ, വലിയ കുറവുകളൊന്നുമില്ലാത്ത ഒരു ചിത്രമാണ് ഇഷ്‌ക്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More