കുമ്മനവും വി.മുരളീധരനും ഡൽഹിയിൽ; കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരൻ പിള്ള

ഇത്തവണത്തെ മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും ആരൊക്കെ കേന്ദ്രമന്ത്രിമാരാകുമെന്ന ഊഹാപോഹങ്ങൾക്കിടെ കുമ്മനം രാജശേഖരനും വി.മുരളീധരനും ഡൽഹിയിൽ. മുൻ മിസോറാം ഗവർണറും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന കുമ്മനം രാജശേഖരൻ ഇന്ന് പുലർച്ചെയുള്ള വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ബിജെപി നേതൃത്വം കുമ്മനത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായാണ് സൂചന. എന്നാൽ ഡൽഹി വിമാനത്താവളത്തിലിറങ്ങിയ കുമ്മനം മാധ്യമങ്ങളോട് ഇതേപ്പറ്റി വ്യക്തമായി പ്രതികരിക്കാൻ തയ്യാറായില്ല.

Read Also; കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിസഭയിലേക്ക്? അടിയന്തരമായി ഡൽഹിയിൽ എത്താൻ നിർദ്ദേശം

താൻ കേന്ദ്രമന്ത്രിയാകുമോയെന്ന് തനിക്കറിയില്ലെന്നും മന്ത്രിയാക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. രാജ്യസഭാ എം.പി. വി.മുരളീധരന്റെ പേരും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരൻ  പാർട്ടി നിർദേശത്തെ തുടർന്നാണ് ഡൽഹിയിൽ എത്തിയിരിക്കുന്നത്.

Read Also; രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിമാരുടെ പട്ടികയായി

രണ്ടാം മോദി സർക്കാരിൽ കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാകുമെന്നാണ്   സൂചനകൾ. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെയും വി.മുരളീധരനെയും കൂടാതെ കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൺസ് കണ്ണന്താനം, രാജ്യസഭാ എം.പി സുരേഷ് ഗോപി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. അതേ സമയം കേന്ദ്രമന്ത്രിയെ ചോദിക്കാൻ കേരളത്തിന് ധാർമ്മികതയില്ലെന്നും എന്നാൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിളള പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top