പബ്ജി കളിച്ചത് തുടർച്ചയായ ആറു മണിക്കൂർ; 16കാരൻ ഹൃദയാഘാതം മൂലം മരിച്ചു

തുടർച്ചയായി ആറു മണിക്കൂർ പബ്ജി കളിച്ച 16കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ നീമുച്ചി സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ഫുർഖാൻ ഖുറേഷിയാണ് മരിച്ചത്. രാജസ്ഥാനിലെ നാസിറാബാദിൽ താമസിക്കുന്ന ഫുര്‍ഖാനും കുടുംബവും മധ്യപ്രദേശിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു.

ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഫുർഖാൻ കളി തുടങ്ങിയത്. ആരോടും മിണ്ടാതെ കളി തുടർന്ന ഫുർഖാൻ ‘വെടി വെയ്ക്ക് വെടി വെയ്ക്ക്’ എന്ന് ഉറക്കെ വിളിച്ചു പറയുന്നത് കേട്ടതായി സഹോദരി ഫിസ പറയുന്നു. തുടർന്ന് ഇയർഫോൺ ഊരി ഫോൺ വലിച്ചെറിഞ്ഞശേഷം ‘ഞാൻ ഇനി നിന്റെ കൂടെ കളിക്കില്ല, നീയാണ് എന്നെ തോൽപ്പിച്ചതെ’ന്ന് ആക്രോശിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കിടക്കയിലേക്ക് വീണ ബാലനെ സഹോദരി വിളിച്ചെങ്കിലും അവൻ ഒന്നും മിണ്ടിയില്ല. തുടർന്ന് ഫിസ വിളിച്ചു കൂവിയതിനെത്തുടർന്ന് പിതാവും ബന്ധുക്കളും മുറിയിലെത്തി.

ഉടൻ തന്നെ ഫുർഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം തടയാനായില്ല. തലേന്ന് രാത്രിയും ഫുർഖാൻ പബ്ജി കളിക്കുകയായിരുന്നു. നീന്തലിലും വോളിബോളിലും താരമായിരുന്ന ഫുര്‍ഖാന് ഹൃദ്രോഗം ഉണ്ടായിരുന്നില്ല. കളിയുടെ ആവേശം കാരണം അഡ്രിനാലിൽ പഞ്ചസാരയുടെ അളവ് കൂടി കാർഡിയാക്ക് അറസ്റ്റിലേക്ക് നയിച്ചതാകാമെന്നാണ് ഡോക്ടറുടെ വിശദീകരണം.

പബ്ജി കളി ഫുർഖാന്റെ പഠനത്തെയും സ്പോർട്സിനെയും ബാധിക്കുന്നുവെന്ന് തോന്നിയ പിതാവ് ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ മൂന്ന് ദിവസം ഫുർഖാൻ പട്ടിണി കിടന്നതായും വീട്ടുകാർ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More