14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനു വോട്ട് മറിച്ചെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി കോൺഗ്രസിനു വോട്ടു മറിച്ചെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ‘ദ് ഹിന്ദു’വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ പതിനാല് ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനു വോട്ട് മറിച്ചെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ നിന്ന് സിപിഎമ്മിനെ വേരോടെ പിഴുതെറിഞ്ഞാൽ മാത്രമേ ബിജെപിക്ക് വളരാൻ സാധിക്കൂ എന്ന കണക്കുകൂട്ടലിനെത്തുടർന്നായിരുന്നു വോട്ട് മറിക്കൽ. ഈ ലക്ഷ്യം മുന്നിൽ കോൺഗ്രസിനു വോട്ട് ചെയ്യാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശമുണ്ടായിരുന്നു എന്നാണ് ഹിന്ദുവിൻ്റെ കണ്ടെത്തൽ.
നാല് മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്നും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ശരാശരി പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു നിർദ്ദേശം. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളിലും, ഒപ്പം മുസ്ലിം ലീഗ് മത്സരിച്ച പൊന്നാനി, മലപ്പുറം എന്നീ മണ്ഡലങ്ങളിലും മാത്രമാണ് ബിജെപി കൃത്യമായ പ്രവർത്തനം നടത്തിയത്. മറ്റ് മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാൻ പ്രവർത്തകരോടും കുടുംബത്തോടും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ശബരിമല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലൊ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയിക്കാൻ കഴിയുമെന്നും ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാൽ തിരുവനന്തപുരത്ത് സംഭവിച്ച പരാജയം സ്ഥിതിഗതികൾ വഷളാക്കിയെന്നും ആർഎസ്എസുമായുള്ള ബിജെപിയുടെ ബന്ധം വഷളാക്കിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ രീതി തന്നെ തുടരാനാണ് ബിജെപിയുടെ പദ്ധതി. തുടർന്ന് 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here