കേരളം ഏറ്റെടുത്ത ‘പെങ്ങളൂട്ടി’ പേരിന് പിന്നിലാരെന്ന് വെളിപ്പെടുത്തി രമ്യ ഹരിദാസ്

കേരളം ഏറ്റെടുത്ത പെങ്ങളൂട്ടി പേരിന് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി ആലത്തൂരിലെ നിയുക്ത എം പി രമ്യ ഹരിദാസ്. ഷാഫി പറമ്പിൽ എംഎൽഎയും അദ്ദേഹത്തിന്റെ ഉമ്മയുമാണ് പേരിന് പിന്നിലെന്ന് രമ്യ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസിൽ സംസാരിക്കവെയാണ് രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് രമ്യ സ്വന്തം നാടായ കോഴിക്കോട് എത്തുന്നത്. കേരളം ഏറ്റെടുത്ത പെങ്ങളൂട്ടി പേരിന് പിന്നിൽ ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അതിന് പിന്നിൽ ആരൊക്കെയെന്ന് രമ്യ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് റാലിക്കിടെ ഷാഫി പറമ്പിലിന്റെ ഉമ്മയാണ് പെങ്ങളൂട്ടി എന്ന പേര് ആദ്യം വിളിച്ചതെന്നും മറ്റുള്ളവർ അത് ഏറ്റുപിടിക്കുകയായിരുന്നുവെന്നും രമ്യ പറഞ്ഞു.
ശബരിമല വിഷയത്തിലും രമ്യ നിലപാട് വ്യക്തമാക്കി. ശബരിമലയിൽ പോകാൻ ഏറെ ആഗ്രഹമുണ്ട്. പക്ഷേ ആചാരങ്ങൾ ലംഘിക്കാൻ താൽപര്യമില്ലെന്നായിരുന്നു രമ്യ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാടിനൊപ്പമാണ് താൻ. മറ്റ് പല ക്ഷേത്രങ്ങളുമുണ്ട്. അയ്യപ്പനെ തൊഴാൻ ശബരിമലയിൽത്തന്നെ പോകണമെന്നില്ല. ശബരിമലയിലെ ആചാരം സ്ത്രീ വിവേചനമായി കാണുന്നില്ല. സ്ത്രീകളാണ് തനിക്ക് വലിയ പിന്തുണ നൽകിയത്. പാർലമെന്റിൽ അവരുടെ പ്രതിനിധിയായിരിക്കുമെന്നും രമ്യ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here