അഫ്ഗാനിസ്ഥാൻ പതറുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടം

ലോകകപ്പിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാൻ പതറുന്നു. ഓസീസ് ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞ അഫ്ഗാൻ ഭേദപ്പെട്ട സ്കോറിനായി പൊരുതുകയാണ്. 43 റൺസെടുത്ത റഹ്മത് ഷാ മാത്രമാണ് ഓസീസ് അറ്റാക്കിനു മുന്നിൽ അതിജീവിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷഹ്സാദിനെ നഷ്ടമായി. ഓവറിലെ മൂന്നാം പന്തിൽ തന്നെ റൺസൊന്നുമെടുക്കാത്ത ഷഹ്സാദിൻ്റെ കുറ്റി പിഴുത സ്റ്റാർക്കാണ് ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ സഹ ഓപ്പണർ ഹസ്രതുള്ള സസായും പൂജ്യനായി മടങ്ങി.
തുടർന്ന് ഹഷ്മതുള്ള ഷാഹിദിയും റഹ്മത് ഷായും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. വളരെ ഗംഭീരമായി ബാറ്റ് ചെയ്ത റഹ്മത് ഷാ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി. ഷാഹിദി റഹ്മത് ഷായ്ക്ക് ഉറച്ച പിന്തുണ നൽകി. 14ആം ഓവറിൽ ആദം സാംബയെ ക്രീസ് വിട്ട് പ്രഹരിക്കാനുള്ള ഷാഹിദിയെ (18) വിക്കറ്റ് കീപ്പർ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ വീണ്ടും അഫ്ഗാൻ വിക്കറ്റുകൾ കൊഴിയാൻ തുടങ്ങി.
20ആം ഓവറിൽ സാംബയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് റഹ്‌മത് ഷാ മടങ്ങി. 43 റൺസായിരുന്നു ഷായുടെ സ്കോർ. തുടർന്ന് 21ആം ഓവറിൽ മുഹമ്മദ് നബി (7) റണ്ണൗട്ടായതോടെ അഫ്ഗാനിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങി. അവിടെ നിന്ന് ഒത്തു ചേർന്ന ക്യാപ്റ്റൻ ഗുലബ്ദിൻ നയ്ബും നജിബുല്ല സർദാനും ചേർന്ന് ആറാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 29 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ 129 റൺസ് എന്ന നിലയിലാണ്. 36 റൺസുമായി നജിബുല്ല സർദാനും 18 റൺസുമായി ഗുൽബദിൻ നെയ്ബുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here