സ്വയം ശവക്കുഴി തോണ്ടി അഫ്ഗാൻ; 207ന് പുറത്ത്

ലോകകപ്പിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാൻ 207ന് പുറത്ത്. 38.2 ഓവർ മാത്രം ബാറ്റ് ചെയ്താണ് അഫ്ഗാൻ പുറത്തായത്. തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ശക്തമായി മത്സരത്തിലേക്ക് തിരികെ വന്ന അഫ്ഗാനിസ്ഥാൻ വിക്കറ്റുകൾ സ്വയം വലിച്ചെറിഞ്ഞ് ശവക്കുഴി തോണ്ടുകയായിരുന്നു. 51 റൺസെടുത്ത നജിബുല്ല സർദാൻ ആണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, ആദം സാംബ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷഹ്സാദിനെ നഷ്ടമായി. ഓവറിലെ മൂന്നാം പന്തിൽ തന്നെ റൺസൊന്നുമെടുക്കാത്ത ഷഹ്സാദിൻ്റെ കുറ്റി പിഴുത സ്റ്റാർക്കാണ് ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ സഹ ഓപ്പണർ ഹസ്രതുള്ള സസായും പൂജ്യനായി മടങ്ങി.
തുടർന്ന് ഹഷ്മതുള്ള ഷാഹിദിയും റഹ്മത് ഷായും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. വളരെ ഗംഭീരമായി ബാറ്റ് ചെയ്ത റഹ്മത് ഷാ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി. ഷാഹിദി റഹ്മത് ഷായ്ക്ക് ഉറച്ച പിന്തുണ നൽകി. 14ആം ഓവറിൽ ആദം സാംബയെ ക്രീസ് വിട്ട് പ്രഹരിക്കാനുള്ള ഷാഹിദിയെ (18) വിക്കറ്റ് കീപ്പർ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ വീണ്ടും അഫ്ഗാൻ വിക്കറ്റുകൾ കൊഴിയാൻ തുടങ്ങി.
20ആം ഓവറിൽ സാംബയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് റഹ്‌മത് ഷാ മടങ്ങി. 43 റൺസായിരുന്നു ഷായുടെ സ്കോർ. തുടർന്ന് 21ആം ഓവറിൽ മുഹമ്മദ് നബി (7) റണ്ണൗട്ടായതോടെ അഫ്ഗാനിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങി. അവിടെ നിന്ന് ഒത്തു ചേർന്ന ക്യാപ്റ്റൻ ഗുൽബദിൻ നയ്ബും നജിബുല്ല സർദാനും ചേർന്ന് ആറാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്ത് അഫ്ഗാനിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഇതിനിടെ നജിബുല്ല സർദാൻ തൻ്റെ അർദ്ധസെഞ്ചുറി കണ്ടെത്തിയിരുന്നു. എന്നാൽ 34ആം ഓവറിൽ ഇരുവരെയും പുറത്താക്കിയ മാർക്കസ് സ്റ്റോയിനിസ് അഫ്ഗാനിസ്ഥാനെ വീണ്ടും അപകടത്തിലേക്ക് തള്ളിവിട്ടു. രണ്ട് പേരും ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് പുറത്തായത്. ആദ്യ പന്തിൽ 31 റൺസെടുത്ത നയ്ബും അഞ്ചാം പന്തിൽ 51 റൺസെടുത്ത സർദാനും പുറത്തായി. ഇരുവരെയും വിക്കറ്റ് കീപ്പർ അലക്സ് കാരി കൈപ്പിടിയിലൊതുക്കുകയായിരുന്നു.
35ആം ഓവറിൽ 4 റൺസെടുത്ത ദൗലത് സർദാനെ പുറത്താക്കിയ കമ്മിൻസ് തൻ്റെ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി. ഒൻപതാം വിക്കറ്റിൽ റാഷിദ് ഖാനും മുജീബ് റഹ്മാനും ചേർത്ത് പടുത്തുയർത്തിയ 39 റൺസാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്. സ്റ്റോയിനിസ് എറിഞ്ഞ 36ആം ഓവറിൽ 21 റൺസടിച്ച റാഷിദ് ആദം സാമ്പ എറിഞ്ഞ 38ആം ഓവറിലെ രണ്ടാം പന്തിൽ ഒരു സിക്സർ അടിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 11 പന്തിൽ 27 റൺസ് എടുത്ത ശേഷമാണ് റാഷിദ് മടങ്ങിയത്. അടുത്ത ഓവറിലെ രണ്ടാം പന്തിൽ പാറ്റ് കമ്മിൻസ് 13 റൺസെടുത്ത മുജീബിൻ്റെ കുറ്റി പുഴുതതോടെ അഫ്ഗാൻ ഇന്നിംഗ്സ് 207ൽ അവസാനിച്ചു.
All out! Cummins bowls Mujeeb for 13. Afghanistan all out for 207.
Watch on Fox Cricket ?
And join our blog: https://t.co/G8EM9SA22i ? #CWC19 #AUSvAFG pic.twitter.com/gITNR9c4xz— Fox Cricket (@FoxCricket) June 1, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here