ഡൽഹിയിൽ മെട്രോയിലും ബസ്സിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വരുന്നു; തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കെജ്‌രിവാൾ സർക്കാർ

ഡൽഹിയിൽ മെട്രോയിലും ബസ്സിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി കെജ്‌രിവാൾ സർക്കാർ. സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അടുത്ത വർഷം ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി സർക്കാർ സൗജന്യയാത്രാ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
അതേ സമയം സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായുള്ള ഡൽഹി മെട്രോയിൽ സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സർക്കാരിന് ഏറെ കടമ്പകൾ കടക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എല്ലാ സീറ്റുകളിലും ബിജെപിയാണ് ഇവിടെ വിജയിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിൽ തിരിച്ചടി നേരിടേണ്ടി വരുമോയെന്ന ആശങ്ക ആം ആദ്മി പാർട്ടി നേതൃത്വത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here