Advertisement

‘ഒരിക്കൽ വിനായകനെ ഫോണിൽ വിളിച്ചിരുന്നു’; യുവതിയുടെ വെളിപ്പെടുത്തലിൽ ദീപാ നിശാന്തിന്റെ കുറിപ്പ്

June 3, 2019
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിനായകെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ യുവതിയെ പിന്തുണച്ച് ദീപാ നിശാന്ത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ദീപ യുവതിയ്ക്ക് പിന്തുണയറിയിച്ചത്. താൻ ഒരിക്കൽ വിനായകനെ ഫോണിൽ ബന്ധപ്പെട്ട അനുഭവമാണ് ദീപ കുറിച്ചിരിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

ഒരിക്കൽ മാത്രം വിനായകനെ വിളിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്.’ ഇയാളെന്തൂട്ട് മനുഷ്യനാ’ന്ന് മനസ്സിൽ കരുതീട്ടുണ്ട്.. ലൈംഗികാധിക്ഷേപമൊന്നും അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. കോളേജിലേക്ക് ഒരു പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചതാണ്.

” ഞങ്ങള് വിളിച്ചാ ‘നോ’ പറയും. ടീച്ചർമാര് വിളിച്ചാ ചിലപ്പോ വരും” ന്ന് ഹേമന്ത് പറഞ്ഞപ്പോ ആ ആവേശത്തിലങ്ങ് വിളിച്ചതാണ്. മാനേജരോ മറ്റോ ആവും ഫോണെടുക്കാന്നാണ് കരുതിയത്. ബെല്ലടിച്ചതും നമ്മള് സംസാരിക്കാൻ തയ്യാറെടുക്കും മുമ്പേ ഒരു പരുക്കൻ ‘ ഹലോ’!

ഞാനൊന്നു പതറി.

“ഹലോ. വിനായകന്റെ നമ്പറല്ലേ? ”

” ആ .. പറയ്”
ഒരു മയവുമില്ല.

”വിനായകനാണോ?”

” അതേന്ന്. പറയ്”

” ഞാൻ തൃശ്ശൂർ കേരളവർമ്മ കോളേജീന്നാണ്. അവിടത്തെ ടീച്ചറാണ്…”

” കാര്യം പറയ്”

“ഒരു പ്രോഗ്രാമിന് …”

“പ്രോഗ്രാമിനൊന്നും ഞാനില്ല. വരാൻ പറ്റില്ല!”

ഫോൺ കട്ടാക്കിയ ശബ്ദം കേട്ടിട്ടും ഞാനതും പിടിച്ച് വെറുതെയിരുന്നു.

” എന്തായി ടീച്ചറേ ” ഹേമന്തിന്റെ ആകാംക്ഷ.

” അയാളൊന്നും വരില്ല. നീ വേറാളെ നോക്കിക്കോ”

പിന്നെയും മൂന്നാല് പേരെ വിളിച്ചെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ല.ഫണ്ടില്ലാത്ത പരിപാടിയാണ്. സൗഹൃദവും മറ്റും ചൂഷണം ചെയ്താണ് പലരെയും കൊണ്ടുവരാറുള്ളത്.

വിനായകന്റെ ‘നോ’ യ്ക്കും മറ്റുള്ളവരുടെ ‘നോ’ യ്ക്കും വ്യത്യാസമുണ്ടായിരുന്നു. കുറേപ്പേർ ഈ പരിപാടിക്ക് വരാൻ പറ്റാത്തത് അവരുടെ നഷ്ടമാണെന്ന മട്ടിൽ സോപ്പിട്ട് പതപ്പിച്ചു. ചിലർ “സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാരാ? അവരോടെന്റെ മാനേജരെയൊന്നു വിളിക്കാൻ പറയോ ” ന്ന് വളരെ സൗമ്യതയോടെ പറഞ്ഞു. ഞങ്ങൾ “ശരി .. മാനേജരെ വിളിക്കാം” എന്ന് ആഹ്ലാദപൂർവ്വം പറഞ്ഞ് നമ്പർ വാങ്ങി സേവ് ചെയ്യാതെ അടുത്തയാളെ വിളിച്ചു..

പിന്നീടാലോചിച്ചപ്പോൾ ആ സംഭാഷണത്തിന്റെ പേരിൽ അയാളോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല. ഒരു മറയുമില്ലാതെ തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞ അയാളോട് ബഹുമാനവും തോന്നിയിട്ടുണ്ട്. അയാളുടെ പിന്നീടുള്ള പല നിലപാടുകളോടും ഐക്യപ്പെട്ടിട്ടുണ്ട്.

ഈ അനുഭവം പറഞ്ഞത് വേറൊന്നിനുമല്ല. മൃദുലയുടെ Mruduladevi Sasidharanവെളിപ്പെടുത്തൽ വന്നപ്പോൾ ആദ്യം കരുതിയത്, ഫോണിലൂടെയുണ്ടായ ഒരു തർക്കമായിരിക്കും എന്നാണ്. വിനായകന്റെ ധാർഷ്ട്യത്തെ മൃദുല ചോദ്യം ചെയ്തിരിക്കാമെന്നും, അതിനോടയാൾ മോശമായ രീതിയിൽ പ്രതികരിച്ചിട്ടുണ്ടാകാമെന്നും തന്നെ കരുതി. എന്നാലും ആ ‘അമ്മ’ പരാമർശം ദഹിക്കാതെ കിടന്നു. ‘അമ്മയെക്കൂടി എനിക്കു വേണ’മെന്ന് പറഞ്ഞ ഒരാളെ ഏത് സാഹചര്യത്തിലായാലും തള്ളിപ്പറയാനുള്ളത്ര പൊളിറ്റിക്കൽ കറക്റ്റ്നെസ്സേ എനിക്കുള്ളൂ എന്നതുകൊണ്ടാവണം മൃദുല എന്നിട്ടും അയാളെ പിന്തുണച്ചതിൽ അത്ഭുതവും തോന്നി.

സൈബറിടങ്ങളിലും പുറത്തും ഇത്തരം നിരവധി അനുഭവങ്ങളിലൂടെ പല സ്ത്രീകളും കടന്നു പോയിട്ടുണ്ടാകും.’ നോ’ പറഞ്ഞാലും തുടരുന്ന ശല്യങ്ങളെ നിയമപരമായിത്തന്നെ നേരിടണം എന്നാണ് അഭിപ്രായം. മൃദുല അതിന് ധൈര്യമുള്ള സ്ത്രീയാണ്.ബസ്സിൽ മകളെ ശല്യം ചെയ്ത ആളെപ്പിടിച്ച് പോലീസിലേൽപ്പിച്ച് കേസുമെടുപ്പിച്ച ആളാണ് മൃദുല .അവരുടെ ആ ആർജവം ഇക്കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല എന്ന സംശയം സ്വാഭാവികമായും ഉണ്ടായി. പിന്നെ സ്വയം തിരുത്തി. മൃദുലയുമായി അടുപ്പമുള്ള പലരും രണ്ടാഴ്ച മുമ്പ് നടന്ന ആ സംഭാഷണം കേട്ടതായി സാക്ഷ്യപ്പെടുത്തി.അത്രയ്ക്കും അരോചകമായ ആ സംഭാഷണം ഒരു പൊതുവിടത്തിൽ കൊണ്ടുവന്നിടാൻ അവർക്ക് തീർച്ചയായും ബുദ്ധിമുട്ടുണ്ടാകും.

അതോണ്ട് “തെളിവെടുക്ക് ,തെളിവെടുക്ക് ” എന്നലറാതിരിക്ക്.ഒരു തെളിവുമില്ലാതെ ഒരു സ്ത്രീയും ഇപ്രകാരം പറയില്ല എന്നാണ് വിശ്വാസം.അവർ നിയമപരമായിത്തന്നെ മുന്നോട്ടു നീങ്ങട്ടെ. അവരോടൊപ്പം നിൽക്കേണ്ടതുണ്ട്. നിൽക്കുന്നു.

കഴിഞ്ഞ ദിവസമിട്ട പോസ്റ്റൊന്നും പിൻവലിക്കുന്നില്ല. രണ്ടും രണ്ടു വിഷയമായിത്തന്നെ കാണുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement