രണ്ട് സെഞ്ചുറികൾക്കും രക്ഷിക്കാനായില്ല; ഇംഗ്ലണ്ട് പൊരുതിത്തോറ്റു

ലോകകപ്പിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് ആവേശ ജയം. 14 റൺസിനായിരുന്നു പാക്കിസ്ഥാൻ്റെ ജയം. 349 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 332 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജോ റൂട്ടും ജോസ് ബട്ലറും സെഞ്ചുറിയടിച്ചെങ്കിലും ജയത്തിലെത്താൻ അത് മതിയാകുമായിരുന്നില്ല. സ്ലോഗ് ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളർമാരാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്.
തകർച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ സ്പിന്നറെ വെച്ച് ബൗളിംഗ് ഓപ്പൺ ചെയ്യിക്കാനുള്ള തന്ത്രം തന്നെ പിന്തുടർന്ന പാക്കിസ്ഥാന് മൂന്നാം ഓവറിൽ തന്നെ ആദ്യ ബ്രേക്ക്‌ത്രൂ ലഭിച്ചു. 8 റൺസെടുത്ത ജേസൻ റോയിയെ വിക്കറ്റിനു മുന്നിൽ കുരുക്കി ഷദാബ് ഖാൻ ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കുമ്പോൾ സ്കോർ ബോർഡിൽ 12 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് ക്രീസിലെത്തിയ ജോ റൂട്ട് ജോണി ബാരിസ്റ്റോയുമായിച്ചേർന്ന് രണ്ടാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ 32 റൺസെടുത്ത ബാരിസ്റ്റോയെ വിക്കറ്റ് കീപ്പർ സർഫറാസിൻ്റെ കൈകളിലെത്തിച്ച വഹാബ് റിയാസ് പാക്കിസ്ഥാന് രണ്ടാം ബ്രേക്ക് ത്രൂ സമ്മാനിച്ചു. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗനും ഏറെ ആയുസുണ്ടായില്ല. ഒൻപത് റൺസെടുത്ത മോർഗനെ 15ആം ഓവറിൽ മുഹമ്മദ് ഹഫീസ് ക്ലീൻ ബൗൾഡ് ആക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ 86 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിനിടെ 9 റൺസെടുത്തു നിൽക്കെ ബാബർ അസമിൽ നിന്നും ജീവൻ ലഭിച്ച ജോ റൂട്ട് 47 പന്തുകളിൽ തൻ്റെ അർദ്ധ സെഞ്ചുറി കുറിച്ചു. നാലാം വിക്കറ്റിൽ ബെൻ സ്റ്റോക്സുമായിച്ചേർന്ന് ജോ റൂട്ട് ഇംഗ്ലണ്ട് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും 22ആം ഓവറിൽ ഷൊഐബ് മാലിക്ക് ആ കൂട്ടുകെട്ട് തകർത്തു. 13 റൺസെടുത്ത സ്റ്റോക്സിനെ വിക്കറ്റ് കീപ്പർ സർഫറാസിൻ്റെ കൈകളിലെത്തിച്ച ഷൊഐബ് മത്സരത്തിലെ തൻ്റെ ആദ്യ വിക്കറ്റാണ് സ്വന്തമാക്കിയത്.
തുടർന്ന് ക്രീസിലെത്തിയ ബട്‌ലർ ജോ റൂട്ടുമായിച്ചേർന്ന് വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഇംഗ്ലണ്ട് വിജയം സ്വപ്നം കാണാൻ തുടങ്ങി. തൻ്റെ പതിവു ശൈലിയിൽ അടിച്ചു തകർത്ത ബട്‌ലറിന് ജോ റൂട്ട് മികച്ച പിന്തുണ നൽകി. ഇതിനിടെ 9 റൺസിൽ നിൽക്കെ ബാബർ അസം നിലത്തിട്ട റൂട്ട് 97 പന്തിൽ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചു. എന്നാൽ 107 റൺസെടുത്ത റൂട്ടിനെ 39ആം ഓവറിൽ ഷദാബ് ഖാൻ പുറത്താക്കി. ഷദാബിൻ്റെ പന്തിൽ ഹഫീസിൻ്റെ കൈകളിൽ അവസാനിക്കുമ്പോൾ അഞ്ചാം വിക്കറ്റിൽ ജോസ് ബട്‌ലറുമായിച്ചേർന്ന് 130 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് ജോ റൂട്ട് കെട്ടിപ്പടുത്തിരുന്നു.
പാർട്ണറെ നഷ്ടമായിട്ടും ആക്രമണാത്മക ബാറ്റിംഗ് കെട്ടഴിച്ച ജോസ് ബട്‌ലറും തൻ്റെ സെഞ്ചുറി കണ്ടെത്തി. 45ആം ഓവറിൽ സെഞ്ചുറി കുറിച്ച ബട്‌ലർ തൊട്ടടുത്ത പന്തിൽ തന്നെ പുറത്തായി. 75 പന്തുകളിൽ സെഞ്ചുറിയിലെത്തിയ ബട്‌ലർ ആമിറിൻ്റെ പന്തിൽ വഹാബ് റിയാസ് പിടിച്ചാണ് പുറത്തായത്. ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മൊയീൻ അലി 48ആം ഓവറിൽ വഹാബ് റിയാസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 20 പന്തുകളിൽ 19 റൺസെടുത്ത അലിയെ വഹാബ് റിയാസ് ഫഖർ സമാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ക്രിസ് വോക്സും ആ ഓവറിലെ തൊട്ടടുത്ത പന്തിൽ മടങ്ങിയതോടെ പാക്കിസ്ഥാൻ വിജയം ഉറപ്പിച്ചു. 14 പന്തുകളിൽ 21 റൺസെടുത്ത വോക്സ് സർഫറാസിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.
മുഹമ്മദ് ആമിർ എറിഞ്ഞ 49ആം ഓവറിലെ നാലാം പന്തിൽ വഹാബ് റിയാസ് പിടിച്ച് ജോഫ്ര ആർച്ചറും (1) പുറത്തായി. 25 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 10 റൺസെടുക്കാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ. 10 റൺസെടുത്ത മാർക്ക് വുഡും 3 റൺസെടുത്ത ആദിൽ റഷീദും പുറത്താവാതെ നിന്നു.
നേരത്തെ മൂന്ന് അർദ്ധസെഞ്ചുറികളാണ് പാക്കിസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 84 റൺസെടുത്ത മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. 63 റൺസെടുത്ത ബാബർ അസമും 55 റൺസെടുത്ത സർഫറാസ് അഹ്മദും പാക്ക് ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറികൾ കുറിച്ചു. 44 റൺസെടുത്ത ഇമാമുൽ ഹഖ്, 36 റൺസെടുത്ത ഫഖർ സമാൻ എന്നിവരും നിർണ്ണായക സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലിയും ക്രിസ് വോക്സും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here