Advertisement

കുട്ടികളുടെ സുരക്ഷ; സ്‌കൂളിലും വഴിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി കേരള പൊലീസിന്റെ മാർഗ്ഗരേഖ

June 4, 2019
Google News 1 minute Read

സംസ്ഥാനത്ത് സ്‌കൂളുകൾ വ്യാഴാഴ്ച തുറക്കാനിരിക്കെ കുട്ടികളുടെ ക്ഷേമം മുൻനിർത്തി സംസ്ഥാന പൊലീസ് മാർഗ്ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്തശേഷമാണ് മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. സ്‌ക്കൂളിലും റോഡിലും കുട്ടികളുടെ സുരക്ഷ, സ്‌ക്കൂൾ ബസ്സുകളിലെ യാത്ര, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ തടയൽ തുടങ്ങിയവ സംബന്ധിച്ചാണ് മാർഗ്ഗനിർദേശങ്ങൾ.

മാർഗ്ഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്

* അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾക്ക് ഒരു തവണയെങ്കിലും പിഴയടയ്ക്കപ്പെട്ടയാളെ സ്‌കൂൾ ബസ്സിന്റെ ഡ്രൈവറായി നിയോഗിക്കരുത്.

* ബസ് ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് അഞ്ചു വർഷത്തെ പരിചയവും സാധുവായ ലൈസൻസും ഉണ്ടായിരിക്കണം.

* സീബ്രാലൈൻ മുറിച്ചു കടക്കുക, ലെയ്ൻ തെറ്റിയോടിക്കുക, അനുവാദമില്ലാത്തവരെ ഉപയോഗിച്ച് വണ്ടി ഓടിപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് വർഷത്തിൽ രണ്ടുതവണയിലേറെ പിഴയടയ്ക്കപ്പെട്ട ഡ്രൈവർമാരെ ബസിൽ നിയോഗിക്കാൻ പാടില്ല.

* എല്ലാ കൊല്ലവും ബസ് ഡ്രൈവറുടെ ആരോഗ്യപരിശോധനയും കാഴ്ചശക്തി പരിശോധനയും നടത്തുക.

* ബസിൽ ജീവനക്കാരെ നിയോഗിക്കുന്നതിനു മുമ്പ് അവരുടെ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം.

* കുട്ടികളുടെ സുരക്ഷ മുൻ നിർത്തി ഒരു സ്‌കൂൾ ബസിൽ ഒരു ടീച്ചറെങ്കിലും യാത്രചെയ്യുന്ന സംവിധാനം ഏർപ്പെടുത്തണം. കണ്ടക്ടർ, ഇങ്ങനെ നിയോഗിക്കപ്പെട്ട ടീച്ചർ, രക്ഷിതാക്കൾ ചുമതലപ്പെടുത്തുന്നയാൾ എന്നിവരൊഴികെ ആരും തന്നെ സ്‌കൂൾ ബസിൽ യാത്രചെയ്യാൻ പാടുള്ളതല്ല.

* കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് ബസിൽ ഒരാളെ, കഴിയുന്നതും ഒരു സ്ത്രീയെ, നിയോഗിക്കേണ്ടതാണ്.

* സ്‌കൂൾ ബസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു ട്രാൻസ്‌പോർട്ട് മാനേജരേയോ കോർഡിനേറ്ററയോ നിയോഗിക്കേണ്ടതാണ്.

* അഞ്ചാം ക്ലാസ്സിലോ അതിനുതാഴെയുളള ക്ലാസ്സുകളിലോ പഠിക്കുന്ന കുട്ടികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ അവരുടെ രക്ഷകർത്താക്കളോ അധികാരപ്പെടുത്തിയി ട്ടുളള ആളുകളോ ആണ് കുട്ടികളെ ഏറ്റുവാങ്ങുന്നതെന്ന് ഉറപ്പാക്കണം. കുട്ടികളെ ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെങ്കിൽ ഒരു കാരണവശാലും അവരെ റോഡിൽ തനിച്ചാക്കാൻ പാടില്ല. കുട്ടിയെ ഏറ്റെടുക്കാൻ ആരും ഇല്ലാത്തപക്ഷം ബസിനുളളിലെ ടീച്ചർ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ട് കുട്ടിയെ സൗകര്യപ്രദമായ സ്റ്റോപ്പിലിറക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്.

* രാവിലെ കുട്ടികൾ ബസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ ഒരു കുട്ടിയും ബസിൽ അവശേഷിക്കുന്നില്ലെന്ന് ബസ് ഇൻ ചാർജ്ജും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

* സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്ന കുട്ടികളെ സ്‌കൂൾ കോമ്പൗണ്ടിലേയ്ക്ക് കടത്തിവിടുന്നതിന് സേഫ് പാസേജ് ഏർപ്പെടുത്തേണ്ടതാണ്. ഇത് സാധ്യമല്ലാത്തപക്ഷം കുട്ടികൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടതാണ്.

* ബസ് യാത്ര പുറപ്പെടുന്നതിനുമുമ്പുതന്നെ ആ ബസിൽ യാത്ര ചെയ്യേണ്ട കുട്ടികളുടെ ഹാജർ എടുക്കേണ്ടതാണ്. വൈകുന്നേരവും ഹാജർ എടുത്തിനുശേഷം രാവിലെ എത്തിയ കുട്ടികൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കേണ്ടതാണ്.

* ബസ്സിനുളളിൽ ഡ്രൈവറോടും കണ്ടക്ടറോടുമൊപ്പം ഒരുകുട്ടി പ്രത്യേകിച്ചും പെൺകുട്ടി തനിയെ കഴിയാനുളള സാഹചര്യം ഉണ്ടാകാൻ പാടില്ല.

* സ്‌കൂൾ ബസ്സിൽ ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെൺകുട്ടി ആകാത്ത തരത്തിൽ റൂട്ട് ക്രമീകരിക്കേണ്ടതാണ്.

* കുട്ടികളെ അവരുടെ വീടിൻറെ പരമാവധി സമീപത്ത് ഇറക്കുന്ന തരത്തിൽ റൂട്ട് ക്രമീകരിക്കണം. ഒരു റസിഡൻഷ്യൽ ഏരിയയിലോ മറ്റോ നിന്ന് അഞ്ചിലേറെ കുട്ടികളുണ്ടെങ്കിൽ അവരെ ആ ഗേറ്റിൽ തന്നെ ഇറക്കണം.

* സ്‌കൂളിൽ നിന്ന് 10 ലേറെ ബസുകൾ പുറപ്പെടുന്നുണ്ടെങ്കിൽ 10 ബസിന് ഒരാളെന്ന നിലയിൽ മേൽനോട്ടം വഹിക്കാനുണ്ടാകണം. അയാൾ ഭരണവിഭാ ഗത്തിൽ നിന്നോ ടീച്ചർമാരിൽ നിന്നോ ഉളള ആളായിരിക്കണം.

* ബസിൽ ഫസ്റ്റ് എയ്ഡ് ബോക്‌സ് ഉണ്ടാകണം. സ്‌കൂൾ ബാഗുകൾ സൂക്ഷിക്കുവാനായി സൗകര്യപ്രദമായ സ്ഥലം ഒരുക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുവാനായി അലാറമോ സൈറനോ ഉണ്ടായിരിക്കണം.

* ബസിൽ അഗ്‌നിശമന സംവിധാനം സ്ഥാപിക്കണം.

* എല്ലാ കുട്ടികളും ഇറങ്ങിക്കഴിഞ്ഞാൽ അക്കാര്യം ടീച്ചർ ബസ് ഇൻ ചാർജിനെ അറിയിക്കേണ്ടതാണ്.

* ഏതെങ്കിലും തരത്തിൽ ക്രിമിനൽപശ്ചാത്തലം ഉളളവരെ സ്‌കൂളിൽ ജോലിക്കായി നിയോഗിക്കരുത്.

* നിയമന ഉത്തരവ് നൽകുമ്പോൾ സ്‌കൂളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പുതിയ ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതും സമ്മതപത്രം ഒപ്പിട്ടു വാങ്ങേണ്ടതുമാണ്.

* എല്ലാത്തരം ജീവനക്കാരുടെയും സർവ്വീസ് സംബന്ധിച്ച പൂർവ്വകാലചരിത്രം പരിശോധിക്കേണ്ടതാണ്. ആവശ്യമെങ്കിൽ പോലീസ് വെരിഫിക്കേഷൻ നടത്തണം. ക്യാൻറീൻ ജീവനക്കാരുടെയും മറ്റും പോലീസ് വെരിഫിക്കേഷൻ തീർച്ചയായും നടത്തിയിരിക്കണം.

* ഭിന്നശേഷിയുളള വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി പരിശീലനം ലഭിച്ച ഒരാളുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

* പ്ലംബർ, ഇലക്ട്രീഷ്യൻ, മരപ്പണിക്കാർ, മറ്റ് തൊഴിലാളികൾ എന്നിവർക്ക് പ്രവൃത്തിസമയത്ത് സ്‌കൂളിൽ പ്രവേശനം അനുവദിക്കാൻ പാടില്ല. അത്യാവശ്യഘട്ടങ്ങളിൽ പ്രവേശനം നൽകേണ്ടിവന്നാൽ സ്‌കൂൾ അധികൃതരുടെ കൃത്യമായ മേൽനോട്ടം ഉണ്ടാകണം.

* എല്ലാ സ്‌കൂൾ ജീവനക്കാരും താൽക്കാലിക ജീവനക്കാരും സ്‌കൂൾ പരിസരത്ത് പ്രവൃത്തി സമയങ്ങളിൽ ഐഡൻറിറ്റി കാർഡ് ധരിക്കേണ്ടതാണ്. താൽക്കാലിക ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് വിസിറ്റർ കാർഡ് നൽകേണ്ടതാണ്.

* എല്ലാ ജീവനക്കാരുടെയും ഫോട്ടോയും ഒപ്പും ഉൾപ്പെടുന്ന ബയോഡാറ്റ സ്‌കൂളിൽ സൂക്ഷിക്കേണ്ടതാണ്. ജീവനക്കാരുടെ മുൻ സർവ്വീസ്, മേൽവിലാസം, മൊബൈൽ നമ്പർ, കുടുംബാംഗങ്ങളുടെ മൊബൈൽ നമ്പർ, രണ്ട് റഫറൻസ് വിവരങ്ങൾ എന്നിവയും സൂക്ഷിക്കണം.

* സേവനം അവസാനിപ്പിച്ച് പോകുന്ന ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കണം. സ്വഭാവദൂഷ്യം നിമിത്തമാണ് സേവനം അവസാനിപ്പിക്കുന്നതെങ്കിൽ അക്കാര്യം രേഖപ്പെടുത്തുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം.

* ഏതെങ്കിലും സ്‌കൂൾ ജീവനക്കാരനെതിരെ പോക്‌സോ, ബാലനീതിനിയമം, അല്ലെങ്കിൽ മറ്റേതെങ്കിലും ലൈംഗികാതിക്രമം എന്നിവ ആരോപിക്കപ്പെട്ടാൽ അയാളെ ഉടനടി സർവ്വീസിൽ നിന്നു മാറ്റിനിർത്തി നിയമപ്രകാരമുളള അന്വേഷണം നടത്തേണ്ടതാണ്.

* സ്‌കൂൾ പരിസരത്ത് പ്രവേശിക്കുന്ന ഏതൊരാളുടെയും വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. സമയം ഉൾപ്പടെ ഇവ രേഖപ്പെടുത്തുന്നതിന് രജിസ്റ്ററോ ഇലക്ടോണിക് സംവിധാനങ്ങളോ ഉപയോഗിക്കുക. സന്ദർശകർ, രക്ഷകർത്താക്കൾ എന്നിവർക്കായി പ്രത്യേകം രജിസ്റ്ററുകൾ സൂക്ഷിക്കുക.

* സ്‌കൂളിലേക്ക് ഒരു പ്രധാനഗേറ്റ് മാത്രമേ ഉണ്ടാകാവൂ. സൈഡ് ഗേറ്റുകൾ ഒഴിവാക്കണം. സൈഡ് ഗേറ്റുകൾ ഉളള പക്ഷം അവിടെ കൃത്യമായി കാവൽക്കാരെ നിയോഗിക്കണം. പുറത്ത് നിന്നുളള ആൾക്കാർക്ക് വലിഞ്ഞുകയറാൻ പറ്റാത്തവിധം പൊക്കമുളള ചുറ്റുമതിൽ ഉണ്ടായിരിക്കണം.

* ബസ് ഏരിയ, സ്‌പോർട്‌സ് റൂം, ക്യാൻറീൻ, ടോയിലറ്റ് എന്നിവിടങ്ങളിൽ അനുവാദമില്ലാതെ മറ്റുളളവർ ചുറ്റിത്തിരിയുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. അത്തരം സ്ഥലങ്ങളുടെയും അവിടെ പ്രവേശിക്കാൻ അനുവാദമുളളവരുടെയും വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം.

* ആവശ്യത്തിന് വെളിച്ചവും സൗകര്യങ്ങളുമുളള ടോയിലറ്റ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ലഭ്യമാക്കേണ്ടതാണ്.

* മാതാപിതാക്കൾക്കും സന്ദർശകർക്കും സ്‌കൂൾ കോമ്പൗണ്ടിലെവിടെയും കടന്നുചെല്ലാവുന്ന തരത്തിൽ പ്രവേശനം അനുവദിക്കരുത്. അവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് സന്ദർശനസമയത്ത് അവരോടൊപ്പം സ്‌കൂൾ അധികൃതർ ഒരാളെ നിയോഗിക്കേണ്ടതാണ്. സ്‌കൂൾ സമയത്ത് സ്‌കൂളിനുളളിൽ കുട്ടികൾ വെറുതെ കറങ്ങിനടക്കുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണം.

* എളുപ്പം തീപിടിക്കുന്നതോ വിഷമയം ഉളളതോ ആയ പദാർത്ഥങ്ങൾ സ്‌കൂളി നുളളിൽ സൂക്ഷിക്കാൻ പാടില്ല. ആസിഡ്, മണ്ണെണ്ണ, സ്പിരിറ്റ്, ലബോറട്ടിയിലെയും അടുക്കളയിലെയും ഗ്ലാസ്സ് വസ്തുക്കൾ മുതലായവ കുട്ടികളുടെ കൈയിൽ എത്താത്ത വിധത്തിൽ അടച്ചുപൂട്ടി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വായുവും വെളിച്ചവും കടക്കുന്ന രീതിയിലായിരിക്കണം സ്‌കൂൾ കെട്ടിടത്തിൻറെ നിർമിതി.

* കുട്ടികൾ പഠിക്കുന്ന ക്ലാസ്സ് മുറികൾ പഠനസമയത്ത് ഒരുകാരണവശാലും പൂട്ടി സൂക്ഷിക്കുവാൻ പാടുളളതല്ല. ക്ലാസ്സ് മുറിയിലെ കാര്യങ്ങൾ പുറത്തുനിന്ന് വ്യക്തമായി കാണാൻ കഴിയുന്നതരത്തിൽ തുറന്ന ജനാലകൾ ഉണ്ടായിരിക്കണം. അകത്തെ വരാന്തയുടെ വശത്ത് ജനാലകൾ ഇല്ലെങ്കിൽ ഉൾവശം വ്യക്തമായി കാണാൻ കഴിയുന്നതരത്തിൽ ഗ്ലാസ്സ് വിൻഡോ സ്ഥാപിക്കേണ്ടതാണ്. അവയിൽ പത്രക്കടലാസ് ഒട്ടിച്ചോ കർട്ടൻ ഇട്ടോ കാഴ്ച മറയ്ക്കാൻ പാടില്ല.

* സ്‌കൂളിൻറെ പ്രവേശനകവാടം, വരാന്ത, പടിക്കെട്ട്, ലൈബ്രറി, ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്‌പോർട്‌സ് റൂം, കമ്പ്യൂട്ടർ ലാബ്, ബസ് പാർക്കിംഗ് ഏരിയ എന്നിവ പരിധിയിൽ വരത്തക്ക വിധത്തിൽ ക്യാമറ സ്ഥാപിക്കുന്നത് ഉചിതമായിരിക്കും. അവയിലെ ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിക്കാൻ കഴിയുന്നതാകണം. സ്‌കൂൾ പരിസരത്തേയ്ക്ക് പ്രവേശിക്കുകയും തിരികെ പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ വ്യക്തമായി കിട്ടത്തക്കവിധത്തിലായിരിക്കണം ക്യാമറ സ്ഥാപിക്കേണ്ടത്.

* സ്‌കൂളിന്റെ സ്വീകരണമുറി മുതലായ പൊതുസ്ഥലങ്ങളിൽ വിഷ്വൽസ് കിട്ടുന്ന തരത്തിൽ ക്യാമറയുടെ സ്‌ക്രീൻ ക്രമീകരിക്കാവുന്നതാണ്. ആർക്കും കാണാൻ പറ്റുന്ന തരത്തിൽ ഇങ്ങനെ സ്‌ക്രീൻ ക്രമീകരിക്കുന്നത് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കും.

* സ്‌കൂൾ കെട്ടിടം സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പാക്കേണ്ടതാണ്. ആവശ്യമായ സ്ഥലങ്ങളിൽ സൈൻ ബോർഡും ബാരിക്കേഡും ഉണ്ടാകണം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെളളം സൂക്ഷിക്കുന്ന ടാങ്കുകൾ ശരിയായി അടച്ച് സൂക്ഷിക്കണം.

* ഇലക്ട്രിക് ഷോക്ക് ഏൽക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. വെളിച്ചക്കുറവുളള സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കണം. ലൈറ്റുകളുടെ പ്രവർത്തനം ആഴ്ചയിലൊരിക്കൽ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്നത് അഭികാമ്യം.

* ശുദ്ധജലം ലഭ്യമാക്കുന്ന ടാങ്കുകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. അവ അടച്ച് സൂക്ഷിക്കണം.

* സ്‌കൂളിലെ അഗ്‌നിശമനസംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. തീകെടുത്തുന്നതിനായി വെളളവും മണ്ണും എപ്പോഴും ലഭ്യമാക്കണം.

* സ്‌കൂൾ കെട്ടിടത്തിൻറെ സുരക്ഷ സംബന്ധിച്ച് അഗ്‌നിശമന വകുപ്പിൽ നിന്ന് ആറ് മാസത്തിലൊരിക്കൽ വീതം സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.

* താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈൻ, അത്യാവശ്യഘട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന വഴികളിലുളള തടസ്സങ്ങൾ, കുട്ടികളുടെ ദേഹത്ത് തട്ടി മുറിവേൽക്കാൻ സാധ്യതയുളള വസ്തുക്കൾ, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഫർണിച്ചറുകൾ എന്നിവ മാറ്റി സ്ഥാപിക്കേണ്ടതാണ്.

* ഭിന്നശേഷിക്കാരായ കുട്ടികളുടെ വീൽചെയർ കടന്നുവരത്തക്കവിധത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ റാംപജശറ്റ, റെയിലിങ്ങുകൾ എന്നിവ സ്ഥാപിക്കുക. ഇത്തരം കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ടോയിലറ്റുകളിലും ഒരുക്കണം.

* സ്‌കൂളിൽ ഒരു കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ തുടർ നടപടി സ്വീകരിക്കുന്നതിനുളള സംവിധാനം ഉണ്ടാകണം. കുട്ടിക്ക് സ്‌കൂളിൽ എത്താനാകാത്ത സാഹചര്യമാണെങ്കിൽ സ്‌കൂൾ പ്രവർത്തനസമയം തുടങ്ങി 10 മിനിറ്റിനകം തന്നെ അക്കാര്യം മാതാപിതാക്കൾ സ്‌കൂൾ അധികൃതരെ ഇമെയിൽ , എസ്.എം.എസ് വഴി അറിയിക്കണം. അങ്ങനെ വിവരം നൽകാതെ സ്‌കൂളിൽ ആബ്‌സൻറ് ആകുന്ന കുട്ടികളുടെ ലിസ്റ്റ് 15 മിനിട്ടിനകം തന്നെ ടീച്ചർ സ്‌കൂൾ മേധാവിക്ക് കൈമാറണം. സ്‌കൂൾ മേധാവി ഇക്കാര്യം ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കണം.

* ശാരീരിക അതിക്രമം, ലൈംഗിക അതിക്രമം, കുറ്റപ്പെടുത്തൽ മുതലായ കാര്യങ്ങൾ തുറന്നുപറയുന്നതിന് എപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

* സ്‌കൂളിനോട് തൊട്ടുചേർന്ന് അനുമതിയില്ലാത്ത കടകൾ, ചെറിയ വാഹനങ്ങളിലെ വിൽപന മുതലായവ നിരുത്സാഹപ്പെടുത്തണം. ചെറിയ കടകൾക്ക് പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലൈസൻസ് നൽകരുത്.

* പുകയില ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, മദ്യം, അശ്ലീല പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വിതരണവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ പോലീസിനെയും എക്‌സൈസിനെയും അറിയിക്കണം.

* സ്‌കൂൾ പരിസരത്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കണം.

* സൈൻബോർഡ്, സീബ്രലൈൻ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിച്ച് പരിപാലിക്കണം.

* രാവിലെയും വൈകിട്ടും സ്‌കൂളിന് മുന്നിൽ ട്രാഫിക് പോലീസിൻറെ അല്ലെങ്കിൽ ട്രാഫിക് വാർഡൻറെ സേവനം ലഭ്യമാക്കണം.

* സ്‌കൂൾ പരിസരത്തുളള ഇൻറർനെറ്റ് കഫേകൾ, സി.ഡി വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കണം.

* എല്ലാ സ്‌കൂൾ ബസുകളും കഴിയുന്നതും മഞ്ഞനിറത്തത്തിൽ പെയിൻറ് ചെയ്യേണ്ടതും ബസിൻറെ ഇരുവശങ്ങളിലും സ്‌കൂളിൻറെ പേര് വ്യക്തമായി എഴുതിയിരിക്കേണ്ടതുമാണ്. ബസിൻറെ മുന്നിലും പിന്നിലും സ്‌കൂൾ ബസ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വാടകയ്‌ക്കെടുത്ത വാഹനമാണെങ്കിൽ On school dtuy എന്നു രേഖപ്പെടുത്തിയിരിക്കണം. സ്‌കൂളിന്റെയും അധികാരപ്പെട്ട ആളുകളുടെയും ഫോൺ നമ്പറും സ്‌കൂൾ ബസിൽ വ്യക്തമായി രേഖപ്പെടുത്തണം.

* ബസിൻറെ ജനാലകൾ സമാന്തരമായ ഗ്രില്ലുകളും മെഷ്വയറും ഘടിപ്പിച്ചതായിരിക്കണം. പൂട്ടാനുള്ള സൗകര്യത്തോടെയാകണം ബസിൻറെ വാതിലുകൾ.

* വാഹനം മണിക്കൂറിൽ 40km/hr അധികം വേഗത്തിൽ പോകുന്നില്ലെന്ന് ഉറപ്പിക്കുന്നതിനായി എല്ലാ സ്‌കൂൾ ബസുകളിലും വേഗനിയന്ത്രണസംവിധാനം ഘടിപ്പിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here