ചാഹലിന് നാല് വിക്കറ്റ്; ഇന്ത്യയ്ക്ക് 228 റൺസ് വിജയലക്ഷ്യം

ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 228 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്‌കോറർ. 10 ഓവറിൽ 51 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിലേക്ക് വിടാതെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റ് വീതവും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ഹാഷിം അംല(6), ക്വിന്റൺ ഡികോക്ക്(10), ഫാഫ് ഡുപ്ലെസി (38), വാൻഡർ ഡ്യൂസൻ(22), ജെ പി ഡുമിനി (3) എന്നിവരെ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. മുൻ നിരക്കാരെ വീഴ്ത്തി ബുംറയും ചാഹലുമാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 11 ൽ നിൽക്കെ 6 റൺസെടുത്ത ഹാഷിം അംലയെ പുറത്താക്കിയ ബുംറ തന്റെ അടുത്ത ഓവറിൽ ഡികോക്കിനെയും മടക്കിയയച്ചു.

മൂന്നാം വിക്കറ്റിൽ ഡുപ്ലെസി-ഡ്യൂസൻ കൂട്ടുകെട്ട് അർധസെഞ്ച്വറിയും പിന്നിട്ട് മുന്നേറിയതോടെ ദക്ഷിണാഫ്രിക്ക ആശ്വസിച്ചെങ്കിലും ഇരുപതാം ഓവർ എറിയാനെത്തിയ യുസ്‌വേന്ദ്ര ചാഹൽ ഇരുവരെയും വീഴ്ത്തി മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. തുടർന്ന് 23 – ാം ഓവറിൽ ഡുമിനിയെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 3 റൺസെടുത്ത ഡുമിനിയെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top