Advertisement

അവിശ്വസനീയം ഓസീസ്; വിൻഡീസിനെതിരെ മികച്ച സ്കോർ

June 6, 2019
Google News 1 minute Read

ലോകകപ്പിലെ പത്താം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 288 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഓസീസ് അലക്സ് കാരി, സ്റ്റീവൻ സ്മിത്ത്, നതാൻ കോൾട്ടർനൈൽ എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു. 92 റൺസ് നേടിയ നഥാൻ കോൾട്ടർനൈലാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മൂന്ന് വിക്കറ്റെടുത്ത കാർലോസ് ബ്രാത്‌വെയ്റ്റാണ് വിൻഡീസ് ബൗളിംഗിൽ തിളങ്ങിയത്. രണ്ട് വീതം വിക്കറ്റുകളെടുത്ത ഒഷേൻ തോമസ്, ഷെൽഡൻ കോട്രൽ, ആന്ദ്രേ റസൽ എന്നിവരും വിക്കറ്റ് കോളത്തിൽ ഇടം നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസ് തുടങ്ങിയത് പതർച്ചയോടെയാണ്. ഒഷേൻ തോമസ് എറിഞ്ഞ ആദ്യ പന്ത് തന്നെ വൈഡായി ബൗണ്ടറിയിലേക്ക്. ആ ഓവറിൽ തന്നെ ഒഷേൻ ഒരു നോ ബോളും എറിഞ്ഞു. എന്നാൽ തൻ്റെ തൊട്ടടുത്ത ഓവർ ഗംഭീരമായി തിരിച്ചു വന്ന തോമസ് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ (6) വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച് വിൻഡീസിന് ആദ്യ ബ്രേക്‌ത്രൂ സമ്മാനിച്ചു.

ഒഷേൻ തോമസിനൊപ്പം പന്ത് പങ്കിട്ട ഷെൽഡൻ കോട്രലിനായിരുന്നു അടുത്ത ഊഴം. 3 റൺസെടുത്ത ഡേവിഡ് വാർണറെ ഷിംറോൺ ഹെട്മെയറുടെ കൈകളിലെത്തിച്ച കോട്രൽ ഓസീസിനെ അപകടത്തിലേക്ക് തള്ളിയിട്ടു. ഒഷേൻ തോമസിനു പകരം ആദ്യ ബൗളിംഗ് ചേഞ്ചായി വന്ന ആന്ദ്രേ റസലിനായിരുന്നു മൂന്നാം വിക്കറ്റ്. റസലിൻ്റെ ഒരു ഗുഡ് ലെംഗ്ത് പന്തിൽ ബാറ്റ് വെച്ച ഉസ്മാൻ ഖവാജയെ (13) മികച്ച ഒരു ക്യാച്ചിലൂടെ ഷായ് ഹോപ്പ് പുറത്താക്കി.

ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വൽ ടീമിനു മൂന്ന് വിക്കറ്റ് നഷ്ടമായതൊന്നും വക വെച്ചില്ല. ക്ഷമയോടെ കളിച്ച് ഒരു കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനു പകരം കോട്രലിൻ്റെ ഒരു ഷോർട്ട് ബോൾ പുൾ ചെയ്യാൻ ശ്രമിച്ച മാക്സ്‌വലിനെ (0) ഷായ് ഹോപ്പ് കയ്യിലൊതുക്കി. 7.4 ഓവർ. ഓസീസ് 38/4.

അവിടെ നിന്ന് ക്രീസിൽ ഒത്തി ചേർന്ന മാർക്കസ് സ്റ്റോയിനിസ്- സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് ഒരു വലിയ തകർച്ചയിൽ നിന്നും ഓസീസിനെ കൈപിടിച്ചുയർത്തി. ഇരുവരും ചേർന്ന് ഓസ്ട്രേലിയൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കവേ സ്റ്റോയിനിസിനെ പുറത്താക്കിയ വിൻഡീസ് സമ്മർദ്ദം ശക്തമാക്കി. 19 റൺസെടുത്ത സ്റ്റോയിനിസിനെ ജേസൻ ഹോൾഡർ നിക്കോളാസ് പൂരാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സ്കോർ-79/5.

പിന്നീടാണ് ഓസ്ട്രേലിയ ഓസ്ട്രേലിയ ആയത്. ആറാമനായി ക്രീസിലെത്തിയ അലക്സ് കാരിയുമായി ഒത്തു ചേർന്ന സ്മിത്ത് ശ്രദ്ധാപൂർവം വിൻഡീസ് ബൗളിംഗിനെ ഏറ്റെടുത്തു. ആക്രമണത്തിൻ്റെ ചുമതല കാരി ഏറ്റെടുത്തപ്പോൾ സ്മിത്ത് ഇന്നിംഗ്സ് ആങ്കറുടെ റോൾ അണിഞ്ഞു. അർദ്ധസെഞ്ചുറിയിലേക്ക് കുതിച്ച കാരി 31ആം ഓവറിൽ റസലിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഓസീസ് വീണ്ടും പ്രതിസന്ധിയിലായി. 45 റൺസെടുത്ത കാരി സ്മിത്തുമായിച്ചേർന്ന് ആറാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് മടങ്ങിയത്.

തുടർന്നാണ് നഥാൻ കോൾട്ടർനൈൽ-സ്റ്റീവ് സ്മിത്ത് സഖ്യം ഒത്തു ചേർന്നത്. മുൻനിര ബാറ്റ്സ്മാന്മാർ മുട്ടിടിച്ചു വീണ വിൻഡീസ് ബൗളർമാർക്കു മുന്നിൽ അവിസ്മരണീയ ബാറ്റിംഗ് കാഴ്ച വെച്ച കോൾട്ടർനൈൽ ഓസീസിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. സ്റ്റീവൻ സ്മിത്തിനെ കാഴ്ചക്കാരനാക്കി തകർത്തടിച്ച കോൾട്ടർനൈൽ 41 പന്തുകളിൽ തൻ്റെ ആദ്യ ഏകദിന ഫിഫ്റ്റി കുറിച്ചു. സ്മിത്തുമായി ഏഴാം വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്ത കോൾട്ടർനൈൽ ഷോർട്ട് ബോളുകൾ പോലും അതിർത്തി കറ്റത്തി. 45ആം ഓവറിൽ ഒഷേൻ തോമസിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 73 റൺസെടുത്ത സ്മിത്തിനെ ബൗണ്ടറി ലൈനിൽ ഷെൽഡൻ കോട്രൽ അവിശ്വസനീയമായി പിടികൂടുകയായിരുന്നു.

സ്മിത്ത് കളം വിട്ടിട്ടും ആക്രമണം തുടർന്ന കോൾട്ടർനൈൽ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഒരു എട്ടാം നമ്പർ ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്. സെഞ്ചുറിയിലേക്ക് കുതിച്ച കോൾട്ടർനൈൽ 49ആം ഓവറിൽ വീണെങ്കിലും ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്ത ഒരു ഇന്നിംഗ്സ് കാഴ്ച വെച്ചിട്ടാണ് മടങ്ങിയത്. 60 പന്തുകളിൽ 92 റൺസെടുത്ത കോൾട്ടർനൈൽ സെഞ്ചുറിക്ക് 8 റൺസകലെ ജേസൺ ഹോൾഡറുടെ കൈകളിൽ അവസാനിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റിനായിരുന്നു വിക്കറ്റ്. ആ ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്കും പുറത്തായതോടെ ഓസീസ് ഇന്നിംഗ്സ് 288ൽ അവസാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here