സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി; ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലെ ഒരു എഡിജിപിക്കായിരിക്കും ക്രമസമാധാന ചുമതല

സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റുകൾ രൂപീകരിച്ചു. ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലെ ഒരു എഡിജിപിക്കായിരിക്കും ക്രമസമാധാന ചുമതല. കളക്ടർമാരിൽ നിക്ഷിപ്തമായിരുന്ന മജിസ്റ്റീരിയൽ പദവികളും ഇനി ഐ പി എസ് ഉദ്യോഗസ്ഥർക്കായിരിക്കും.
വൻഘടനാ മാറ്റത്തോടെയാണ് സംസ്ഥാന പൊലീസിലെ പരിഷ്‌കാരം. ഐ ജി റാങ്കിലുളള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റുകൾ രൂപീകരിച്ചു. തിരുവനന്തപുരം റേഞ്ച് ഐ ജിയായിരുന്ന ദിനേന്ദ്ര കശ്യപ് തിരുവനന്തപുരം കമ്മീഷണറേറ്റിലും കൊച്ചി റേഞ്ച് ഐജിയായിരുന്ന വിജയ് സാഖറെ കൊച്ചി കമ്മീഷണറേറ്റിലും കമ്മീഷണർമാരാകും. ക്രമസമാധാനം ഉൾപ്പെടെ കളക്ടറുടെ പല അധികാരങ്ങളും ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കായിരിക്കും. കമ്മീഷണർമാർക്ക് മജിസ്റ്റീരിയൽ പദവിയുമുണ്ടാകും. നിലവിലുണ്ടായിരുന്ന എ.ഡി.ജി.പിമാരുടെ സ്ഥാനത്ത് ഐ.ജിമാരെയും ഐ.ജിമാരുടെ സ്ഥാനത്ത് ഡി.ഐ.ജിമാരെയുമാണ് നിയമിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലുളള ഒരു എഡിജിപിക്കായിരിക്കും ഇനി ക്രമസമാധാനച്ചുമതല. ഷേഖ് ദർബേഷ് സാഹേബിനെയാണ് ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നത്. എ.ഡി.ജി.പിക്ക് കീഴിൽ വടക്ക്‌തെക്ക് മേഖലയിൽ രണ്ട് ഐ.ജിമാരും ഇവർക്ക് താഴെ നാല് റേഞ്ച് ഡി.ഐ.ജിമാരുമാണുണ്ടാകും. ദക്ഷിണമേഖലാ എഡിജിപിയായിരുന്ന മനോജ് ഏബ്രാഹാമിനെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി നിയമിച്ചു. എം.ആർ. അജിത്ത്കുമാറിനെ ദക്ഷിണ മേഖലാ ഐജിയായും അശോക് യാദവിനെ ഉത്തരമേഖലാ ഐജിയായും നിയമിച്ചു.
എക്‌സൈസ് കമീഷണറായ ഋഷിരാജ്‌സിംഗ് ജയിൽ മേധാവിയാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജിപിയായിരുന്ന ആനന്തകൃഷ്ണൻ എക്‌സൈസ് കമീഷണറാകും. നിലവിലെ ജയിൽ മേധാവി ഡി.ജി.പി ആർ. ശ്രീലേഖയെ സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക് ആയി നിയമിച്ചു. എ.ഡി.ജി.പി പത്മകുമാറിനെ കോസ്റ്റൽ പൊലീസിലേക്കും ടോമിൻ.ജെ.തച്ചങ്കരിയെ ബറ്റാലിയൻ ഡി.ജി.പിയായും നിയമിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയാണ് കേരള പൊലീസ് അക്കാഡമി ട്രെയിനിംഗ് ഡയറക്ടർ. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സഞ്ജയ് കുമാർ ഗുരുദിൻ തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. തിരുവന്തപുരം അഡീഷണൽ സിറ്റി കമീഷണറുടെ ചുതമലയും ഇദ്ദേഹത്തിനായിരിക്കും. കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി റേഞ്ച് ഡി.ഐ.ജിയായും എസ്. സുരേന്ദ്രനെ തൃശൂർ ഡി.ഐ.ജിയായും കെ സേതുരാമനെ കണ്ണൂർ ഡി.ഐ.ജിയായും നിയമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here