മലേഗാവ് സ്ഫോടനത്തെപ്പറ്റി അറിയില്ല; അഴുക്കുണ്ടെന്ന് കാട്ടി കസേരയിലിരിക്കാൻ തയ്യാറായില്ല: കോടതിയിൽ നാടകീയ നീക്കങ്ങളുമായി പ്രജ്ഞാ സിംഗ് താക്കൂർ

കോടതിയിൽ നാടകീയ പ്രകടനവുമായി മാലേഗാവ് സ്ഫോടന കേസ് മുഖ്യ പ്രതിയും എംപിയുമായ പ്രജ്ഞാ സിംഗ് താക്കൂർ. മലേഗാവ് സ്ഫോടനത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ പ്രജ്ഞ കസേരയിൽ അഴുക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരിക്കാനും തയ്യാറായില്ല.
കേസ് പരിഗണിക്കുന്നതിനിടെ മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് 116 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ടെന്ന് കോടതി അറിയിച്ചു. മാലേഗാവ് സ്ഫോടനം നടത്തിയത് ആരെന്ന് ചോദിക്കുന്നില്ല, മറിച്ച് 2008 സെപ്റ്റംബർ 29 സ്ഫോടനം നടന്നതായി പ്രജ്ഞയ്ക്ക് അറിയാമോ എന്ന് കോടതി ചോദിച്ചു. എന്നാൽ തനിക്ക് അതു സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു പ്രജ്ഞയുടെ മറുപടി.
അതേസമയം വിചാരണവേളയിൽ ഇരിക്കാൻ പ്രജ്ഞ കൂട്ടാക്കിയില്ല. രണ്ടര മണിക്കൂർ നിന്നുകൊണ്ടാണ് പ്രജ്ഞ വിചാരണ നേരിട്ടത്. തനിക്ക് അനുവദിച്ച കസേരയിൽ അഴുക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ ഇരിക്കാൻ കൂട്ടാക്കാതിരുന്നത്.
മാലേഗാവ് സ്ഫോടനക്കേസിൽ ആഴ്ചയിൽ ഒരിക്കൽ കോടതിയിൽ ഹാജരാകണമെന്ന് പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അവർ കോടതിയിൽ ഹാജരായില്ല. ഇതോടെ ഇന്ന് ഹാജരായില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെയാണ് പ്രജ്ഞാ കോടതിയിൽ ഹാജരായത്.
ബുധനാഴ്ച രാത്രിയിൽ പ്രജ്ഞയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചയോടെ പ്രജ്ഞ ആശുപത്രിവിട്ടിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here