ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ നേതൃപദവി ഒഴിഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിൽ കൺസർവേറ്റീവ് പാർട്ടി

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ നേതൃപദവി ഒഴിഞ്ഞതോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി. ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെയാണ് പാർട്ടി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. അതിനിടയിൽ മേയുടെ പിൻഗാമിയാവാൻ ഏറെ സാധ്യത മുൻ വിദേശകാര്യമന്ത്രി ബോറീസ് ജോൺസനെതിരേയുള്ള ബ്രെക്സിറ്റ് കേസ് ലണ്ടൻ ഹൈക്കോടതി തള്ളി.
പതിനൊന്നു സ്ഥാനാർഥി മോഹികളാണ് നിലവിൽ കൺസർവേറ്റീവ് പാർട്ടിയിലുള്ളത്. തിങ്കളാഴ്ച നാമനിർദ്ദേശപത്രിക സ്വീകരിച്ചുതുടങ്ങും. ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാവുമെന്നാണു കരുതുന്നത്. പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ മെയ് പദവിയിൽ ഉണ്ടാകുമെങ്കിലും ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനാൽ എത്രയും വേഗം പുതിയ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്.
ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ചുമതല ഇനി പുതിയ പ്രധാനമന്ത്രിക്കാണ്. തെരേസാ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് ബിൽ മൂന്നുതവണ പാർലമെന്റ് തള്ളി. നാലാമത്തെ ബില്ലിനും എംപിമാരുടെ പിന്തുണ കിട്ടില്ലെന്നു വ്യക്തമായതിനെത്തുടർന്നാണ് കഴിഞ്ഞമാസം മേ രാജി പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഔദ്യോഗിമായി രാജിക്കത്ത് ബന്ധപ്പെട്ട പാർട്ടി കമ്മിറ്റിക്കു മെയ് കൈമാറിയിരുന്നു.
മുൻ വിദേശകാര്യമന്ത്രി ബോറീസ് ജോൺസൻ, ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി ജറമി ഹണ്ട് ഉൾപ്പെടെയുള്ളവർ സാധ്യത ലിസ്റ്റിലെ ആദ്യ പേരുകാരാണ്. ഇന്നലെയാണ് ബോറീസ് ജോൺസനെതിരേയുള്ള ബ്രെക്സിറ്റ് കേസ് ലണ്ടൻ ഹൈക്കോടതി തള്ളിയത്. യൂറോപ്യൻ യൂണിയനു പ്രതിവാരം നൽകുന്ന 35 കോടി ഡോളർ ബ്രെക്സിറ്റ് നടപ്പായാൽ ബ്രിട്ടനു ലാഭിക്കാമെന്നും ഈ തുക ആരോഗ്യരംഗത്തു ചെലവഴിക്കാമെന്നും ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കുള്ള പ്രചാരണവേളയിൽ ജോൺസൺ പറഞ്ഞെന്നായിരുന്നു ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here