അലിഗഢിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; ശരീരത്തില്‍ ആസിഡ് ഒഴിച്ചു: പ്രചരിക്കുന്ന വാർത്തയിലെ സത്യം

ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഒപ്പം ചില വാർത്തകളും പ്രചരിച്ചിരുന്നു.

ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാക്കൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യത്തെ വാർത്ത. ഒപ്പം കുട്ടിയുടെ ശരീരഭാഗങ്ങള്‍ ഇവർ മുറിച്ചുമാറ്റിയെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്‌തെന്നും വാർത്തകൾ പ്രചരിച്ചു. കൊലപ്പെടുത്തിയതിനു ശേഷം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് മൃതശരീരം ഉപേക്ഷിക്കുകയും തെരുവുനായയ്ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്തെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

ട്വിറ്ററിലൂടെയാണ് ആദ്യം ഈ പ്രചാരണം തുടങ്ങുന്നത്. ‘മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. കൊല ചെയ്തത് മുഹമ്മദ് ജാഹിദ്, സംഭവം നടന്നത് അലിഗഢില്‍, മൃതദേഹം വെട്ടിനുറുക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ശരീരത്തില്‍ ആസിഡ് ഒഴിച്ചു. എല്ലാം റമസാന്‍ മാസത്തില്‍. എനിക്കു ലജ്ജ തോന്നുന്നു, നിങ്ങള്‍ക്കോ?’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ഒരാള്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമുള്ള ട്വീറ്റ് വളരെ പെട്ടെന്ന് ട്വിറ്ററിൽ പ്രചരിച്ചു. തുടർന്ന് ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകളെത്തി. പക്ഷേ, സത്യം ഇതല്ല. ഈ വാദങ്ങൾ പലതും തെറ്റാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ തെളിയുന്നത്. അലിഗഢ് പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.

‘ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, ശരീരം വെട്ടിനുറുക്കിയെന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങൾ തെറ്റാണ്. ശരീരത്തില്‍ ആസിഡ് ഒഴിച്ചെന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല’- അലിഗഢ് എസ്പി പറഞ്ഞതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പെൺകുട്ടിയുടെ വലതുകൈ വേർപെട്ട നിലയിലായിരുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം ശരിയാണെന്ന് എസ്പി വെളിപ്പെടുത്തി. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top