Advertisement

ഇനിയും പിടി തരാത്ത ഇംഗ്ലണ്ടിലെ പിച്ചുകൾ

June 8, 2019
Google News 1 minute Read

“മുന്നൂറോക്കെ പുല്ലു പോലെ സ്കോർ ചെയ്യും.”
“ഈ ലോകകപ്പിൽ ആദ്യമായി ടീം ടോട്ടൽ 500 കടക്കും.”

ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് ഉയർന്നു കേട്ട ചില നിരീക്ഷണങ്ങളാണ്. എന്നാൽ കിരീടപ്പോരാട്ടം ഒരാഴ്ച പിന്നിടുമ്പോൾ 300 കടന്നത് വെറും മൂന്ന് മാച്ചുകൾ. ബാറ്റിംഗ് പറുദീസയാവുമെന്ന് വിലയിരുത്തിയ പിച്ചുകൾ പലതിലും ബൗളർമാർ നേട്ടം കൊയ്തു. ഗ്രീൻ വിക്കറ്റിൽ ബാറ്റ്സ്മാന്മാർ തകർത്തടിച്ചു. ഫ്ലാറ്റ് ഡെക്കിൽ പേസർമാരുടെ പന്തുകൾ മൂളിപ്പറന്നു. സ്പിന്നർമാർ ഗ്രീൻ വിക്കറ്റിലും ഫ്ലാറ്റ് വിക്കറ്റിലും ഒരുപോലെ നേട്ടമുണ്ടാക്കി. ആകെ മൊത്തം കൺഫ്യൂഷൻ.

ഓവലിൽ നടന്ന ഉദ്ഘാടന മത്സരം ഇതിൻ്റെ ഒരു പ്രിവ്യൂ ഷോ ആയിരുന്നു. ഗ്രീൻ വിക്കറ്റ് ആയിരുന്നു. പേസർമാർ നേട്ടമുണ്ടാക്കുമെന്ന പ്രാഥമിക വിശകലനം. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ടോസ് കിട്ടിയിരുന്നെങ്കിൽ ഫീൽഡിംഗ് എടുത്തേനെയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും അഭിപ്രായപ്പെട്ടു. പക്ഷേ, ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എടുത്തത് 311 റൺസ്. മറുപടി ബാറ്റിംഗിലാണ് ഗ്രീൻ വിക്കറ്റ് എന്നത് കണ്ടു തുടങ്ങിയത്. 207 റൺസിന് ദക്ഷിണാഫ്രിക്ക ഓൾഔട്ട്. ഇംഗ്ലണ്ടിൻ്റെ മൂന്നു പേസർമാർ ചേർന്ന് പിഴുതത് 7 വിക്കറ്റുകൾ. അതിനപ്പുറം പ്രോട്ടീസ് ബാറ്റ്സ്മാന്മാർ ഉത്തരവാദിത്തമില്ലാതെ ബാറ്റ് ചെയ്തതാണ് റിസൽട്ടിൽ പ്രതിഫലിച്ചത്. പിച്ചിൽ ഭൂതം ഉണ്ടായിരുന്നില്ല.

പാക്കിസ്ഥാനും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന രണ്ടാം മത്സരം നോട്ടിംഗ്‌ഹാമിൽ. ഫ്ലാറ്റ് ഡെക്ക്. പിച്ച് റിപ്പോർട്ടിംഗിനിടെ മൈക്കൽ ഹോൾഡിംഗ് പറഞ്ഞത് ബൗളർമാർ യാതൊന്നും പ്രതീക്ഷിക്കേണ്ടെന്നും ഇതൊരു ബാറ്റിംഗ് പറുദീസയാണെന്നുമായിരുന്നു. മഴ സാധ്യതയുള്ള കാലാവസ്ഥയിൽ ടോസ് നേടിയ വിൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാൻ 21.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ട്. പേസ് ബൗളിംഗിൻ്റെ വന്യ സൗന്ദര്യം കാഴ്ച വെച്ച വിൻഡീസ് ഹോൾഡിംഗിൻ്റെ വാക്കുകളെ തകിടം മറിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 13.4 ഓവറിൽ ചടങ്ങു തീർത്തു. മൂന്ന് വിക്കറ്റെടുത്ത ആമിർ വിൻഡീസ് പേസർമാരുടെ പ്രകടനത്തിൽ പിച്ചിന് പങ്കുണ്ടെന്ന് തെളിയിച്ചപ്പോൾ 34 പന്തുകളിൽ ഫിഫ്റ്റിയടിച്ച ക്രിസ് ഗെയിലും 19 പന്തുകളിൽ 34 റൺസെടുത്ത് പുറത്താവാതെ നിന്ന നിക്കോളാസ് പൂരൻ മൈക്കൽ ഹോൾഡിംഗിൻ്റെ അഭിപ്രായത്തിൽ കഴമ്പുണ്ടെന്നും തെളിയിച്ചു.

മൂന്നാം മത്സരം ന്യൂസിലൻഡ്- ശ്രീലങ്ക. കാർഡിഫിലെ പിച്ച് സ്പോർട്ടിംഗ് വിക്കറ്റ് എന്ന് നാസർ ഹുസൈൻ. ശ്രീലങ്ക 29.2 ഓവറിൽ 136 റൺസിന് ഓൾ ഔട്ടായി. ന്യൂസിലൻഡ് പേസർമാർ തകർത്ത് പന്തെറിഞ്ഞു. പേസർമാർ ചേർന്ന് പങ്കിട്ടത് ഒൻപത് വിക്കറ്റുകൾ. 16-1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ന്യൂസിലൻഡ് വിജയം കണ്ടു. സ്പോർട്ടിംഗ് വിക്കറ്റ്?

അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിൽ ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരം. ക്യാപ്റ്റന്മാർ ബാറ്റിംഗ് പിച്ചെന്ന് കരുതിയപ്പോൾ പിച്ച് പരിശോധിച്ച വസിം അക്രവും മേൽ ജോൺസും പേസ് ബൗളർമാരെ തുണയ്ക്കുന്ന പിച്ച് എന്ന് അഭിപ്രായപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 207 റൺസിനു പുറത്ത്. പേസർമാർ ചേർന്ന് ആറു വിക്കറ്റുകളും സാംബ മൂന്ന് വിക്കറ്റുകളുമെടുത്തു. 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയം കണ്ടു. രണ്ട് വിക്കറ്റ് സ്പിന്നർമാർ പങ്കിട്ടെടുത്തപ്പോൾ ഒരെണ്ണം പേസർക്ക്.

അഞ്ചാം മത്സരം.ഉദ്ഘാടന മത്സരം നടന്ന ഓവലിൽ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടി. ബാറ്റിംഗ് ട്രാക്ക് എന്ന് ഇയാൻ ബിഷപ്പ്. ബംഗ്ലാദേശ് 330/6. ദക്ഷിണാഫ്രിക്ക 309/8.

മത്സരം ആറ്. രണ്ടാം മത്സരം നടന്ന നോട്ടിംഗ്‌ഹാമിൽ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഏറ്റുമുട്ടി. ഫ്ലാറ്റ് ഡെക്ക്. ബാറ്റിംഗ് പറുദീസ. പാക്കിസ്ഥാൻ 348/8. ഇംഗ്ലണ്ട് 334/9..

അടുത്ത മത്സരം. കാർഡിഫിലെ രണ്ടാമത്തെ മത്സരം. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിൽ. ഗ്രീൻ വിക്കറ്റ്. മുഹമ്മദ് നബിയുടെ ഒരു ഓവർ തകർത്തു കളഞ്ഞ ശ്രീലങ്ക 201ന് ഓൾ ഔട്ട്. സ്പിന്നർമാർ ചേർന്ന് വീഴ്ത്തിയത് ആറു വിക്കറ്റ്. തിരികെ അഫ്ഗാനിസ്ഥാൻ 152 റൺസിന് പുറത്ത്. എല്ലാ വിക്കറ്റുകളും പേസർമാർ പങ്കിട്ടെടുത്തു.

ഇന്ത്യയുടെ ആദ്യ മത്സരം. റോസ്ബൗളിലെ പിച്ച് ബാറ്റിംഗ് ട്രാക്കെന്ന് പിച്ച് റിപ്പോർട്ട്. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 227/9. അഞ്ചു വിക്കറ്റ് സ്പിന്നർമാരും 4 വിക്കറ്റ് പേസർമാരും പങ്കിട്ടെടുത്തു. സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ മികവിൽ ഇന്ത്യ 47.3 ഓവറിൽ ലക്ഷ്യം കണ്ടു. ദക്ഷിണാഫ്രിക്കൻ പേസർമാർ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ നന്നായി പരീക്ഷിച്ചു.

ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് പോരാട്ടം. ബൗളിംഗ് പിച്ച് എന്ന് നാസർ ഹുസൈൻ. ബാറ്റിംഗിനയക്കപ്പെട്ട ബംഗ്ലാദേശ് 244നു പുറത്ത്. 47.1 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസിലൻഡ് ലക്ഷം ഭേദിച്ചു.

നോട്ടിംഗ്‌ഹാമിലെ മൂന്നാം മത്സരം. ബാറ്റിംഗ് ട്രാക്കിൽ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയയെ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 79/5 എന്ന നിലയിൽ നിന്നും 288ന് എല്ലാവരും പുറത്ത്. മറുപടി ബാറ്റിംഗിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 273. ഓസ്ട്രേലിയക്ക് 15 റൺസ് വിജയം.

ഒന്നോ രണ്ടോ പിച്ചുകൾ മാത്രമാണ് കണക്കു കൂട്ടലിനനുസരിച്ച് പെരുമാറിയത്. ബാക്കിയൊക്കെ തോന്നും പോലെ. ബാക്കിയൊക്കെ കണ്ടറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here