സൗദി അറേബ്യയില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നു; പദ്ധതി വിഷന്‍ 2030ന്റെ ഭാഗമായി

സൗദി അറേബ്യയില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നു. ഗ്രാമങ്ങളില്‍ അധിവസിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സമ്മര്‍ ക്യാമ്പെയിന്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നാടോടികളും ഗോത്ര വിഭാഗങ്ങളും അധിവസിക്കുന്ന ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ മക്കയിലെ അല്‍ ഖദ്ര, തബൂക്കിലെ അല്‍ വജ്ഹ, സബഅയിലെ അല്‍ ഇദാബി, ബിഷയിലെ തര്‍ജി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിന്‍. രണ്ടുമാസം നീണ്ടു നില്‍ക്കുന്ന പദ്ധതി ആഗസ്റ്റ് 5ന് ആരംഭിക്കും.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിയ്യ വിഷന്‍ 2030ന്റെ ഭാഗമായാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലയിലും വിദ്യാഭ്യാസം എത്തിക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
നാടോടികള്‍ക്കിടയില്‍ സ്ഥിരമായി ക്ലാസുകള്‍ സംഘടിപ്പിക്കുക വിഷമകരമാണ്. അതുകൊണ്ടുതന്നെ ഗോത്രവിഭാഗങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ചാകും പഠനം. സ്ത്രീകളെയും പുരുന്മാരെയും ലക്ഷ്യമാക്കിയാണ് സാക്ഷരതാ ക്ലാസുകള്‍. എഴുത്ത്, വായന എന്നിവക്കു പുറമെ മതമൂല്യങ്ങളും സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
മക്കയില്‍ മുന്നൂറ് പഠിതാക്കള്‍ക്കായി 26 കേന്ദ്രങ്ങളില്‍ 40 അധ്യാപകരുടെ സേവനം ലഭ്യമാക്കും. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കോ ഓര്‍ഡിനേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പഠിതാക്കളെ കണ്ടെത്തിയിട്ടുളളത് സബഅയിലെ അല്‍ ഇദബിയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here