വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്ന് സിപിഎം കേരള ഘടകത്തിന് കേന്ദ്രകമ്മിറ്റിയുടെ നിർദേശം

ശബരിമല വിഷയത്തിൽ അകന്നു പോയ വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്ന് സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി നിർദേശം നൽകി. ഇതിനായുള്ള നടപടികൾ സംസ്ഥാന നേതൃത്വം ഉടൻ കൈക്കൊളളണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. കൊൽക്കത്ത പ്ലീനനടപടികൾ നടപ്പിലാക്കിയതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കാനും വിവിധ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം വിപുലീകൃത കേന്ദ്ര കമ്മിറ്റിയോ പ്ലീനമോ വിളിച്ച് ചേർക്കും.
ശബരിമല വിഷയത്തിലൂടെ നഷ്ടപ്പെട്ട വിശ്വാസി വോട്ടുകൾ തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾ കൈകൊള്ളാനാണ് സിപിഎം കേന്ദ്ര കമ്മിറ്റി കേരള ഘടകത്തിന് നിർദേശം നൽകിയത്. സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നും കേന്ദ്ര കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വങ്ങളോട് നിർദേശിച്ചത്.
ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം വിപുലീകൃത കേന്ദ്ര കമ്മിറ്റിയോ പ്ലീനമോ വിളിച്ച് ചേർക്കും. തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ 11 ഇന കർമ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. പാർട്ടി അടിത്തറ ശക്തമാക്കുകയും സംഘടനാ ദൗർബല്യം മറികടക്കുകയുമാണ് ലക്ഷ്യം. വർഗ ബഹുജന സംഘടനകളെ ശാക്തീകരിച്ച് ബഹുജന മുന്നേറ്റങ്ങൾ നടത്താനും തീരുമാനിച്ചാണ് മൂന്ന് ദിവസമായി നടന്നു വന്ന കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചത്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ ഔദ്യോഗികമായി വിശദീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here