കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം

കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. പുതിയതായി ലൈസൻസ് നേടുന്നതിന് നിയമപരമായി അർഹത ഉള്ളവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ www. moi.gov.kw എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഇനി മുതൽ ലൈസൻസിന്റെ അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സേവനം മാത്രമാകും ലഭ്യമാവുക. നിലവിൽ കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിന്റെ എണ്ണത്തിൽ വിദേശികൾക്കാണ് മുൻതൂക്കമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കണക്കുകൾ പ്രകാരം കുവൈറ്റിൽ സ്വദേശികൾക്ക് അനുവദിച്ചിരിക്കുന്ന ലൈസൻസുകളുടെ എണ്ണം 6,28,140 ആണ്. അതേ സമയം വിദേശികൾക്ക് അനുവദിച്ചിരിക്കുന്ന ലൈസൻസുകളുടെ എണ്ണം 7,62,105 ആണ്. എന്നാൽ വാഹന രജിസ്‌ട്രേഷന്റെ എണ്ണത്തിൽ സ്വദേശികൾ തന്നെയാണ് മുന്നിലുള്ളത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻ വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. ലൈസൻസ് സംബന്ധമായ നിയമങ്ങൾ കർശനമാക്കിയതിന് ശേഷം 5,38,000 ലൈസൻസുകൾ റദ്ദാക്കിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിബന്ധനകൾ പാലിക്കാതെ ലൈസൻസ് കരസ്ഥമാക്കിയവരുടെയും വിസ റദ്ദാക്കി നാട്ടിലേക്ക് തിരികെ പോയവരുടെയും ഉൾപ്പെടെ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here