ഏഴ് വർഷം മുമ്പ് വന്ന ട്യൂമർ വീണ്ടും വില്ലനാകുന്നു; നടി ശരണ്യ ഏഴാമത്തെ ശസ്ത്രക്രിയ്ക്കായി തയ്യാറെടുക്കുന്നു

കുറച്ച് നാളുകൾക്ക് മുമ്പ് നടി ശരണ്യയ്ക്ക് ട്യൂമർ ബാധിച്ച് ചികിത്സ തേടിയത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. അന്ന് നിരവധി പേർ പ്രാർത്ഥനകളുമായി ശരണ്യയെ തേടിയെത്തി. എന്നാൽ വീണ്ടും വില്ലനായി ബ്രെയിൻ ട്യൂമർ ശരണ്യയുടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് ശരണ്യയ്ക്ക് വേണ്ടത് പ്രാർത്ഥന മാത്രമല്ല സഹായവും കൂടിയാണ്.
സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലാക്കാരനാണ് ശരണ്യയുടെ നിലവിലെ അവസ്ഥ വിവരിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം നടി സീമ ജി നായരും ഉണ്ടായിരുന്നു.
സീമയുടെ വാക്കുകൾ ഇങ്ങനെ : ‘ശരണ്യയ്ക്ക് ആറ് വർഷം മുമ്പ് ട്യൂമർ വന്നിരുന്നു. അന്ന് കലാകാരന്മാരെല്ലാം സഹായിച്ചിരുന്നു. ഓരോ വർഷവും ബ്രയിൻ ട്യൂമർ ഇതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തും. എല്ലാ വർഷവും ഓപ്പറേഷൻ ചെയ്യും. ഏഴ് മാസം മുമ്പായിരുന്നു അവസാനത്തെ സർജറി. ഏഴാമത്തെ സർജറിക്ക് ശരണ്യ പോവുകയാണ്. ഇത് അതീവ ഗുരുതരമാണ്.ഒരു വശം ഏകദേശം തളർന്നു പോകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്’.
ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here