Advertisement

‘അമ്മക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനുണ്ട്; രണ്ടാം വിവാഹദിനത്തിൽ ആശംസകൾ നേർന്ന് മകന്റെ കുറിപ്പ്

June 11, 2019
Google News 1 minute Read

രണ്ടാം വിവാഹ ദിനത്തിൽ അമ്മക്ക് ആശംസകൾ നേർന്ന് മകൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറി ഗോകുൽ ശ്രീധറാണ് അമ്മക്ക് മംഗളാശംസകൾ നേർന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുതെന്നും അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ലെന്നും ഗോകുൽ പറയുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകളുള്ള കാലമാണിതെന്നും ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചുവെന്നും ഗോകുൽ കുറിച്ചു.

അമ്മയുടെ ആദ്യ ദാമ്പത്യം ദുരിത പൂർണ്ണമായിരുന്നുവെന്ന് ഗോകുൽ പറയുന്നു. അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ എന്തിന് ഇങ്ങനെ സഹിക്കുന്നുവെന്ന് അമ്മയോട് പലപ്പോഴും ചോദിച്ചിട്ടുണ്ടെന്ന് ഗോകുൽ കുറിച്ചു. അന്ന് അമ്മ പറഞ്ഞത് എല്ലാം സഹിക്കുന്നത് തനിക്ക് വേണ്ടിയാണെന്നായിരുന്നുവെന്നും ഗോകുൽ പറയുന്നു.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോൾ തീരുമാനിച്ചതാണ് ഈ ഒരു നിമിഷത്തെ കുറിച്ച്. യൗവനം മുഴുവൻ തനിക്കായി മാറ്റിവെച്ച അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ടെന്നും അത് സാധ്യമാകുമെന്നും ഗോകുൽ പറഞ്ഞു. ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായിവെക്കേണ്ട ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പെന്നും പറഞ്ഞുകൊണ്ടാണ് ഗോകുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ? Happy Married Life..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here