അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവർത്തനം ആരംഭിക്കും : കെടി ജലീൽ

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. മറ്റു യൂണിവേഴ്‌സിറ്റികളിൽ ഡിസ്റ്റൻസ് എജ്യൂക്കേഷൻ രജിസ്‌ട്രേഷൻ ഈ വർഷം കൂടിയേ ഉണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലധിഷ്ഠിത, തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾക്കായിരിക്കും ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പ്രാധാന്യം നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു
ഓപ്പൺ യൂണിവേഴ്‌സിറ്റി സംബന്ധിച്ച് പഠനം നടത്തിയ പ്രഫസർ ജെ പ്രഭാഷ് സർക്കാരിന് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഓപ്പൺ യൂണിവേഴ്‌സിറ്റിക്കായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. 202021 അധ്യയന വർഷത്തിൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. നിലവിലെ യൂണിവേഴ്‌സിറ്റികളിലെ വിദൂര പ്രൈവറ്റ് രജിസ്‌ട്രേഷൻ ഈ വർഷം കൂടി മാത്രമേ ഉണ്ടാകൂ. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാത്ത വിധത്തിലാകും ഓപ്പൺ യൂണിവേഴ്‌സിറ്റി നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ കേരളാ, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലായി 93,155 പേർ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിനും കേരള, എം ജി സർവകലാശാലകളിൽ 25,488 പേർ പ്രൈവറ്റായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ പ്ലസ് ടു പാസായ 30,000 ത്തോളം പേരുമുണ്ട്. അടുത്ത അധ്യയന വർഷം മുതൽ ഇവരെയെല്ലാം ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഭാഗമാക്കും. പ്രവേശനവും, പരീക്ഷാ നടത്തിപ്പും, മൂല്യ നിർണയവുമുൾപ്പെടെ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും പൂർണമായും ഓൺലൈൻ രീതിയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here