‘ ആ വർഗീയ വിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വില കളയരുത്’; ആസിഫിനോട് ആരാധകർ

പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നടൻ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകൾക്കും ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുമായി എംഎൽഎ എക്‌സലേഷ്യ അവാർഡ് പരിപാടിയിൽ മുഖ്യ അതിഥി ആസിഫാണ്. മുസ്ലീങ്ങൾക്കെതിരെ പി സി ജോർജ് നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ ആസിഫിനോട് ആരാധകർ ആവശ്യപ്പെട്ടിരിക്കുന്നത്.

‘പി സി ജോർജ് എന്ന വർഗീയ വിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സ്വന്തം വില കളയരുത്’ എന്നാവശ്യപ്പെട്ടാണ് ഒരാളുടെ കമന്റ്. ഒരു നാടിനെ മുഴുവൻ തീവ്രവാദിയെന്നു വിളിച്ച ആളാണ് പി സി ജോർജെന്നും പരിപാടിയിൽ നിന്നും വിട്ടുനിൽക്കണമെന്നും മറ്റെരാൾ ആവശ്യപ്പെട്ടു. ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ഇത്തരത്തിലുള്ള കമന്റുകൾ നിറഞ്ഞിരിക്കുന്നത്.

മുസ്ലീം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലീം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പിസി ജോർജിന്റെ ഫോൺ സംഭാഷണം വിവാദമായിരുന്നു. പൂഞ്ഞാറുകാരും എംഎൽഎയ്‌ക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച എംഎൽഎയെ ബഹിഷ്‌കരിക്കണമെന്ന് എസ്ഡിപിഐയും ആഹ്വാനം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top