ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം; കോഴിക്കോട് കെഎസ്‌യു മാർച്ചിൽ സംഘർഷം

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തി. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എംഎസ്എഫിന്റെ നേതൃത്വത്തിലും കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, മലബാറിലെ പ്ലസ് വൺ സീറ്റ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് എറണാകുളം ഡിഡിഇ ഓഫീസിലേയ്ക്ക് കെ.എസ്.യു നടത്തിയ മാർച്ചിലും നേരിയ സംഘർഷമുണ്ടായി. ഡിഡിഇ ഓഫീസിന്റെ ഗേറ്റ് തുറക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വയനാട്ടിലും കെഎസ്‌യു മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here