തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ; 125 റൺസിന് എല്ലാവരും പുറത്ത്

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് 125 റൺസിന് ഓൾ ഔട്ട്. 34.1 ഓവറിലാണ് അഫ്ഗാനിസ്ഥാൻ്റെ എല്ലാവരും പുറത്തായത്. 4 വിക്കറ്റെടുത്ത ഇമ്രാൻ താഹിറാണ് വിക്കറ്റ് വേട്ടയിൽ തിളങ്ങിയത്. മൂന്നു വിക്കറ്റിട്ട ക്രിസ് മോറിസും താഹിറിനു മികച്ച പിന്തുണ നൽകി. 35 റൺസെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ.

മികച്ച രീതിയിലാണ് അഫ്ഗാൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഹസ്റതുല്ല സസായും നൂർ അലി സദ്രാനും ദക്ഷിണാഫ്രിക്കൻ പേസ് അറ്റാക്കിനെ പേടിക്കാതെ ബാറ്റ് ചെയ്തപ്പോൾ റൺസ് അനായാസം സ്കോർ ബോർഡീലെത്തി. എന്നാൽ ഒൻപതാം ഒവറിൽ കഗീസോ റബാഡയെ ഉയർത്തിയടിക്കാൻ ശ്രമിച്ച സസായ് വാൻ ഡ ഡസ്സനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ റൺ നിരക്ക് താഴ്ന്നു. 22 റൺസെടുത്ത സസായ് പുറത്താകുമ്പോൾ അഫ്ഗാൻ സ്കോർ ബോർഡിൽ 39 റൺസാണ് ഉണ്ടായിരുന്നത്.

പിന്നാലെ ക്രീസിലെത്തിയ റഹ്‌മത് ഷാ ടൈമിംഗ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടി. 16ആം ഓവറിൽ ക്രിസ് മോറിസ് വിക്കറ്റിനു മുന്നിൽ ക്രുക്കി പുറത്താക്കുമ്പോൾ 6 റൺസ് മാത്രമായിരുന്നു ഷായുടെ സമ്പാദ്യം. പിന്നീടാണ് ഹഷ്മതുല്ല ഷാഹിദി നൂർ അലി സർദാനോടൊപ്പം ക്രീസിൽ ഒന്നിക്കുന്നത്. എന്നാൽ 20ആം ഓവറിൽ പെയ്ത മഴ അഫ്ഗാനിസ്ഥാനെ തകർത്തു. 21ആം ഓവറിൽ 8 റൺസെടുത്ത ഹസ്മതുല്ല ഷാഹിദിയെ പുറത്താക്കിയ ആൻഡൈൽ പെഹ്‌ലുക്ക്‌വായോ ആണ് തകർച്ചയ്ക്ക് തുടക്കമിട്ടത്.

തൊട്ടടുത്ത ഓവറിലാണ് താഹിറിൻ്റെ വേട്ട തുടങ്ങിയത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ 32 റൺസെടുത്ത നൂർ അലി സദ്രാൻ്റെ കുറ്റി പിഴുത താഹിർ ഓവറിലെ അവസാന പന്തിൽ അസ്ഗർ അഫ്ഗാനെ (0) സ്വയം പിടിച്ചു പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വീണ്ടും പെഹ്‌ലുക്ക്‌വായോയ്ക്ക് വിക്കറ്റ്. ഒരു റൺ മാത്രമെടുത്ത മുഹമ്മദ് നബിയെ പെഹ്‌ലുക്ക്‌വായോ ബൗൾഡാക്കുകയായിരുന്നു. 26ആം ഓവറിൽ ഗുൽബദിൻ നൈബിനെ (5) മാർക്രത്തിൻ്റെ കൈകളിലെത്തിച്ച താഹിർ മൂന്നാം വിക്കറ്റ് കരസ്ഥമാക്കി.

എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന റാഷിദ് ഖാനും ഇക്രം അലി ഖില്ലും ചേർന്ന് 34 റൺസ് കൂട്ടിച്ചേർത്തു. 9 റൺസെടുത്ത ഖില്ലിനെ ഹാസിം അംലയുടെ കൈകളിലെത്തിച്ച ക്രിസ് മോറിസ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ റാഷിദ് ഖാനെ പുറത്താക്കിയ താഹിർ മത്സരത്തിലെ നാലാം വിക്കറ്റ് കണ്ടെത്തി. 35 റൺസെടുത്ത റാഷിദിനെ താഹിർ വാൻ ഡർ ഡസ്സൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ക്രിസ് മോറിസ് എറിഞ്ഞ 35ആം ഓവറിലെ ആദ്യ പന്തിൽ ഹാമിദ് ഹസനെ ഫാഫ് ഡുപ്ലെസിസ് കൈപ്പിടിയിലൊതുക്കിയതോടെ അഫ്ഗാൻ 125നു പുറത്ത്.

മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 127 റൺസാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top