Advertisement

തിരിച്ചു പിടിച്ച് ശ്രീലങ്ക; വിജയലക്ഷ്യം 335

June 15, 2019
Google News 0 minutes Read

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് ഓസ്ട്രേലിയ സ്കോർ ചെയ്തത്. 153 റൺസെടുത്ത ആരോൺ ഫിഞ്ചാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറികളടിച്ച സ്റ്റീവൻ സ്മിത്തും സ്കോർ ബോർഡിലേക്ക് നിർണായക പങ്കു വഹിച്ചു. 273 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ നിന്നാണ് ഓസീസ് തകർന്നത്. സ്ലോഗ് ഓവറുകളിൽ തകർത്ത് പന്തെറിഞ്ഞ ശ്രീലങ്കൻ പേസർമാരാണ് ഓസീസിനെ പിടിച്ചു നിർത്തിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയ മികച്ച രീതിയിലാണ് തുടങ്ങിയത്. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന ഓപ്പണിംഗ് ജോഡി ശ്രീലങ്കൻ ബൗളർമാരെ അനായാസം നേരിട്ടു. ആദ്യ വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഈ സഖ്യം വേർപിരിയുന്നത്. 17ആം ഓവറിൽ ഡേവിഡ് വാർണറെ ക്ലീൻ ബൗൾഡാക്കി ധനഞ്ജയ ഡിസിൽവ ഓസീസിൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്താണ് വാർണർ പുറത്തായത്.

തുടർന്ന് ക്രീസിലെത്തിയ ഉസ്മാൻ ഖവാജ പെട്ടെന്ന് പുറത്തായി. 10 റൺസെടുത്ത ഖവാജയെയും ഡിസിൽവയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്തും ആരോൺ ഫിഞ്ചും ചേർന്ന് അനായാസം ബാറ്റ് ചെയ്യുകയാണ്. ഇതിനിടെ 97 പന്തുകളിൽ തൻ്റെ ശതകം കുറിച്ച ഫിഞ്ച് സ്മിത്തുമായി മൂന്നാം വിക്കറ്റിൽ 173 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 150 അടിച്ചതിനു പിന്നാലെ ഫിഞ്ച് വീണു. ഇസിരു ഉഡാനയെ ഉയർത്തിയടിക്കാൻ ശ്രമിച്ച ഫിഞ്ച് കരുണരത്നയുടെ കൈകളിൽ അവസാനിച്ചു. പുറത്താവുമ്പോൾ 132 പന്തുകളിൽ നിന്നും 153 റൺസായിരുന്നു ഫിഞ്ചിൻ്റെ സമ്പാദ്യം.

തൊട്ടുപിന്നാലെ സ്മിത്തും പുറത്തായി. 73 റൺസെടുത്ത സ്മിത്ത് മലിംഗയുടെ യോർക്കറിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ഷോൺ മാർഷ് (3), അലക്സ് കാരി (4), പാറ്റ് കമ്മിൻസ് (0) എന്നിവർ വേഗം പുറത്തായി. മാർഷിനെ സിരിവർദനയുടെ കൈകളിലെത്തിച്ച ഉദാന കാരിയെയും കമ്മിൻസിനെയും നേരിട്ടുള്ള ഏറുകളിലൂടെ പുറത്താക്കുകയായിരുന്നു. 46 റൺസെടുത്ത് പുറത്താവാതെ നിന്ന മാക്സ്‌വൽ ആണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here