സ്വയം ശവക്കുഴി തോണ്ടി ശ്രീലങ്ക; തോൽവി 87 റൺസിന്

ശ്രീലങ്കക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ജയം. 87 റൺസിനാണ് ലോക ചാമ്പ്യന്മാർ ലങ്കയെ പരാജയപ്പെടുത്തിയത്. 4 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ലങ്കയെ തകർത്തത്. 3 വിക്കറ്റെടുത്ത കെയിൻ റിച്ചാർഡ്സണും ഓസീസിനു വേണ്ടി തിളങ്ങി. 97 റൺസെടുത്ത ദിമുത് കരുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.

335 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഉജ്ജ്വല തുടക്കമാണ് ഓപ്പണർമാർ നൽകിയത്. സ്റ്റാർക്കും കമ്മിൻസും ചേർന്ന ഓസീസ് പേസ് അറ്റാക്കിനെ അനായാസം നേരിട്ട ഇരുവരും വളരെ വേഗത്തിൽ സ്കോർ ചെയ്തു. കുശാൽ പെരേരയായിരുന്നു ഏറെ ആക്രമണകാരി. അർദ്ധസെഞ്ചുറിയടിച്ചതിനു പിന്നാലെ മടങ്ങിയെങ്കിലും അദ്യ വിക്കറ്റിൽ കരുണരത്നെയുമായി ചേർന്ന് 115 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് പെരേര പടുത്തുയർത്തിയിരുന്നു. 16ആം ഓവറിൽ പുറത്താവുമ്പോൾ 36 പന്തുകളിൽ 52 റൺസായിരുന്നു പെരേരയുടെ സമ്പാദ്യം.

മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ലഹിരു തിരിമന്നെ (16) ജേസൻ ബെഹ്രണ്ടോർഫിൻ്റെ പന്തിൽ അലക്സ് കാരി പിടിച്ച് പുറത്തായി. പിന്നാലെ 97 റൺസെടുത്ത കരുണരത്നെ കെയിൻ റിച്ചാർഡ്സണിൻ്റെ പന്തിൽ മാക്‌സ്വെല്ലിനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ ലങ്ക തകർന്നു. ആഞ്ചലോ മാത്യൂസ് (9), മിലിന്ദ സിരിവർദന (3), തിസാര പെരേര (7) എന്നിവർ വേഗം പുറത്തായി. മാത്യൂസിനെ കമ്മിൻസ് അലക്സ് കാരിയുടെ കൈകളിലെത്തിച്ചപ്പോൾ സിരിവർദനയെ സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പെരേരയും സ്റ്റാർക്കിന് ഇരയായി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചു നിന്ന് പൊരുതിയ കുശാൽ മെൻഡിസും ഏറെ വൈകാതെ പുറത്തായി. 30 റൺസെടുത്ത മെൻഡിസിനെ അലക്സ് കാരിയുടെ കൈകളിലെത്തിച്ച സ്റ്റാർക്ക് മത്സരത്തിലെ നാലാം വിക്കറ്റ് കുറിച്ചു. പിന്നാലെ ഇസിരു ഉദാന (8), ലസിത് മലിംഗ (1) എന്നിവരെ കെയിൻ റിച്ചാർഡ്സൺ പുറത്താക്കി.

46ആം ഓവറിൽ നുവാൻ പ്രദീപിനെ (0) പുറത്താക്കിയ കമ്മിൻസ് ലങ്കൻ ഇന്നിംഗ്സിനു തിരശീലയിട്ടു. 16 റൺസെടുത്ത ധനഞ്ജയ ഡിസിൽവ പുറത്താവാതെ നിന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More