തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസിന് ഒപ്പമുണ്ടാകുമെന്ന് സി.എഫ് തോമസ്

താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് മുതിർന്ന നേതാവും പാർട്ടി ഡെപ്യൂട്ടി ചെയർമാനുമായ സി.എഫ് തോമസ്. കേരള കോൺഗ്രസിന് കേരള കോൺഗ്രസ് (എം) എന്ന് പേരിട്ട അംഗങ്ങളിൽ ഒരാളാണ് താൻ. കേരള കോൺഗ്രസ് എംഎൽഎയായി നാളെ സഭയിൽ പങ്കെടുക്കുമെന്നും സി.എഫ് തോമസ് വ്യക്തമാക്കി.
മധ്യസ്ഥ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഇന്നത്തെ നടപടി ഇനി മധ്യസ്ഥ ശ്രമങ്ങൾ
പ്രയാസമാക്കുമെന്നും സി.എഫ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സി.എഫ് തോമസിനെ പാർട്ടി ചെയർമാനാക്കാൻ പി.ജെ ജോസഫ് നേരത്തെ നീക്കങ്ങൾ നടത്തിയിരുന്നു.
കെ.എം മാണിയുടെ മരണത്തെ തുടർന്ന് പാർട്ടിയിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ജോസ് കെ മാണി-പി.ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം രൂക്ഷമായതിനെ തുടർന്ന് കേരള കോൺഗ്രസ് എം ഇന്ന് പിളർന്നിരുന്നു. കോട്ടയത്ത് ചേർന്ന സമാന്തരയോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here