ഓപ്പണർമാർക്ക് അർദ്ധശതകം; ഇന്ത്യക്ക് ഉജ്ജ്വല തുടക്കം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. 25 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി രണ്ട് ഓപ്പണർമാരും അർദ്ധസെഞ്ചുറി കുറിച്ചു.
ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വളരെ ഉജ്ജ്വലമായാണ് തുടങ്ങിയത്. മുഹമ്മദ് ആമിറിനെ ശ്രദ്ധാപൂർവം നേരിട്ട ഓപ്പണർമാർ മറ്റു ബൗളർമാരെ കടന്നാക്രമിച്ചു. ആദ്യ പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസിലെത്തിയ ഇന്ത്യ പാക്ക് ബൗളർമർക്ക് അവസരമൊന്നും കൊടുത്തില്ല. രോഹിത് ശർമ്മ ആക്രമിച്ചു കളിച്ചപ്പോൾ ലോകേഷ് രാഹുൽ രോഹിതിന് ഉറച്ച പിന്തുണ നൽകി.
ഷദബ് ഖാൻ്റെ ആദ്യ ഓവറിൽ തുടർച്ചയായി സിക്സറും ബൗണ്ടറിയുമടിച്ച രോഹിത് 34 പന്തുകളിൽ അർദ്ധസെഞ്ചുറിയിലെത്തി. ടൂർണമെൻ്റിലെ മൂന്നാം അർദ്ധസെഞ്ചുറിയാണ് രോഹിത് ഓൾഡ് ട്രാഫോർഡിൽ കുറിച്ചത്. ഇതിനിടെ ഓപ്പണിംഗ് വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ഇരുവരും പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവുമുയർന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും സ്ഥാപിച്ചു.
69 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച രാഹുൽ രോഹിതുമായി 136 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയ ശേഷം വഹാബ് റിയാസിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 57 റൺസെടുത്ത രാഹുലിനെ വഹാബ് റിയാസ് ബാബർ അസമിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
നിലവിൽ 81 റൺസെടുത്ത രോഹിതും 3 റൺസെടുത്ത കോലിയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here