Advertisement

ചുവന്ന ചെകുത്താന്മാരുടെ നാട്ടിൽ നീലപ്പടയുടെ ബാറ്റിംഗ് വിരുന്ന്; പാക്കിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം

June 16, 2019
Google News 0 minutes Read

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്.  140 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറികളുമായി തിളങ്ങിയ വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങി. 3 വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാക്ക് ബൗളിംഗിൽ മികച്ചു നിന്നത്.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വളരെ ഉജ്ജ്വലമായാണ് തുടങ്ങിയത്. മുഹമ്മദ് ആമിറിനെ ശ്രദ്ധാപൂർവം നേരിട്ട ഓപ്പണർമാർ മറ്റു ബൗളർമാരെ കടന്നാക്രമിച്ചു. ആദ്യ പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസിലെത്തിയ ഇന്ത്യ പാക്ക് ബൗളർമർക്ക് അവസരമൊന്നും കൊടുത്തില്ല. രോഹിത് ശർമ്മ ആക്രമിച്ചു കളിച്ചപ്പോൾ ലോകേഷ് രാഹുൽ രോഹിതിന് ഉറച്ച പിന്തുണ നൽകി.

ഷദബ് ഖാൻ്റെ ആദ്യ ഓവറിൽ തുടർച്ചയായി സിക്സറും ബൗണ്ടറിയുമടിച്ച രോഹിത് 34 പന്തുകളിൽ അർദ്ധസെഞ്ചുറിയിലെത്തി. ടൂർണമെൻ്റിലെ മൂന്നാം അർദ്ധസെഞ്ചുറിയാണ് രോഹിത് ഓൾഡ് ട്രാഫോർഡിൽ കുറിച്ചത്. ഇതിനിടെ ഓപ്പണിംഗ് വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ഇരുവരും പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവുമുയർന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും സ്ഥാപിച്ചു.

69 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച രാഹുൽ രോഹിതുമായി 136 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയ ശേഷം വഹാബ് റിയാസിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 57 റൺസെടുത്ത രാഹുലിനെ വഹാബ് റിയാസ് ബാബർ അസമിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയെ കാഴ്ചക്കാരനാക്കി രോഹിത് കത്തിക്കയറി. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച രോഹിത് ആരെയും വെറുതെ വിട്ടില്ല. 85 പന്തുകളിൽ ഈ ലോകകപ്പിലെ തൻ്റെ രണ്ടാം സെഞ്ചുറി കുറിച്ച രോഹിതിന് കോലി ഉറച്ച പിന്തുണ നൽകിയതോടെ പാക്കിസ്ഥാൻ വിയർത്തു.

മറ്റൊരു ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച രോഹിത് ശർമ്മ 39ആം ഓവറിൽ വീണു. ഹസൻ അലിയെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച് വഹാബ് റിയാസിൻ്റെ കൈകളിൽ അവസാനിച്ച രോഹിത് 113 പന്തുകളിൽ 140 റണ്ണുകൾ അടിച്ചു കൂട്ടിയിരുന്നു. രണ്ടാം വിക്കറ്റിൽ കോലിയോടൊപ്പം 98 റൺസും രോഹിത് കൂട്ടിച്ചേർത്തു.

നാലാം നമ്പറിലിറങ്ങിയത് ഹർദ്ദിക് പാണ്ഡ്യ. ചില മികച്ച ഷോട്ടുകൾക്കൊടുവിൽ പാണ്ഡ്യയും പുറത്ത്. മുഹമ്മദ് ആമിറിനെതിരെ ഹെലിക്കോപ്റ്റർ ഷോട്ട് കളിക്കാൻ ശ്രമിച്ച് ലോങ്ങ് ഓണിൽ ബാബർ അസമിൻ്റെ കൈകളിൽ അവസാനിച്ച പാണ്ഡ്യ 19 പന്തുകളിൽ 26 റൺസെടുത്താണ് പുറത്തായത്. ഇതിനിടെ വിരാട് കോലി 51 പന്തുകളിൽ നിന്ന് തൻ്റെ അർദ്ധസെഞ്ചുറി കണ്ടെത്തി. പാണ്ഡ്യക്ക് ക്രീസിലെത്തിയ ധോണി (1) മുഹമ്മദ് ആമിറിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് വേഗത്തിൽ മടങ്ങി.

മഴ പെയ്തതിനെത്തുടർന്ന് 46ആം ഒവറിൽ കളി മുടങ്ങി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ആമിറിനു മൂന്നാം വിക്കറ്റ് സമ്മാനിച്ച് കോലി മടങ്ങിയതോടെ പാക്കിസ്ഥാൻ കളി തിരിച്ചു പിടിച്ചു. 65 പന്തുകളിൽ 77 റൺസെടുത്ത കോലി ആമിറിനെ പുൾ ചെയ്യാൻ ശ്രമിക്കവേ വിക്കറ്റ് കീപ്പർ സർഫറാസിനു പിടി കൊടുത്താണ് മടങ്ങിയത്.

അവസാന അഞ്ച് ഓവറുകളിൽ 38 മാത്രം വഴങ്ങിയ പാക്ക് ബൗളർമാരാണ് ഇന്ത്യയെ 350 കടക്കുന്നതിൽ നിന്നും തടഞ്ഞത്. 3 വിക്കറ്റെടുത്ത ആമിറിനൊപ്പം ഒരു വിക്കറ്റ് വീതമിട്ട ഹസൻ അലിയും വഹാബ് റിയാസും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. 15 റൺസെടുത്ത വിജയ് ശങ്കറും 9 റൺസെടുത്ത കേദാർ ജാദവും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here