കാറിലെ എക്‌സ് എംപി ബോർഡ്; ജാഗ്രതക്കുറവുണ്ടായെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുന്നുവെന്നും ഷാഫി പറമ്പിൽ

എക്‌സ് എംപി ബോർഡ് വെച്ച കാറിന്റെ ചിത്രവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുന്നതായി ഷാഫി പറമ്പിൽ എം.എൽ.എ. ചിത്രം ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കി.
തന്റെ പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും ഇത് കാരണം തെറ്റിദ്ധരിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തിയെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ എംപിയായിരുന്ന എ സമ്പത്തിന്റെ വാഹനത്തിലുള്ളതെന്ന തരത്തിൽ എക്‌സ് എംപി ബോർഡ് വെച്ചുള്ള കാറിന്റെ ചിത്രം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ഏറ്റെടുത്ത് വി.ടി ബൽറാമും ഷാഫി പറമ്പിലും അടക്കമുള്ള കോൺഗ്രസ് എംഎൽഎമാരും നേതാക്കളും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ സമ്പത്തിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ എംഎൽഎ രംഗത്തെത്തി. നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യുന്നതിൽ തെറ്റില്ലെന്നും പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ലെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിക്കുന്നതായി അറിയിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയത്.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം രജിസ്‌ട്രേഷൻ ഇന്നോവ കാറിലെ Ex MP ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ് പിൻവലിക്കുന്നു.
അത് വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത് വരുന്നു. ഇത് സംബന്ധിച്ച് പല പോസ്റ്റുകളും വന്നതിന് ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാർത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു .
എന്റെ പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നു.
ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തി .
സ്റ്റാഫ് അംഗമാണ് ഫോണിൽ സംസാരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here