‘സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുന്നത് പ്രകാശ് തമ്പി വഴി’; സുനിൽ കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി സുനിൽ കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബാലഭാസ്‌ക്കറിനെ പരിചയമുണ്ടെന്ന് സുനിൽകുമാർ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. സ്വർണ്ണക്കടത്തിലേക്ക് എത്തുന്നത് പ്രകാശ് തമ്പി വഴിയാണെന്നും തനിക്ക് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും സുനിൽ കുമാർ വെളിപ്പെടുത്തി. ഡിആർഐക്ക് നൽകിയ അതേ മൊഴിയാണ് സുനിൽ കുമാർ ക്രൈംബ്രാഞ്ചിനും നൽകിയിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനിൽകുമാറിനെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത ആദ്യ രണ്ടു പേർ സുനിൽകുമാറും, സെറീന ഷാജിയുമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനിൽകുമാർ. പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.
അതിനിടെ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയും ബാലഭാസ്‌ക്കറിന്റെ സുഹൃത്തുമായ വിഷ്ണു സോമസുന്ദരം ഡിആർഐക്ക് മുൻപാകെ കീഴടങ്ങി. കൊച്ചി ഡിആർഐ സംഘത്തിന് മുൻപാകെയാണ് വിഷ്ണു കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് വിഷ്ണു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഡിആർഐ സംഘത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അതിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് വിഷ്ണുവിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.