Advertisement

ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാൻ സിപിഐഎം; മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തതായി സൂചന

June 17, 2019
Google News 0 minutes Read

കേരള കോൺഗ്രസ് പിളർന്നതോടെ ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാൻ സിപിഐഎം നീക്കം. മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് എൽഡിഎഫിൽ എത്തിക്കാൻ ശ്രമം തുടങ്ങിയതായാണ് വിവരം. ജോസ് കെ മാണിയുമായി ചർച്ചകൾ നടത്താൻ പ്രത്യേക ദൂതനെ തന്നെ നിയോഗിച്ചുവെന്നാണ് സൂചന.

ക്രൈസ്തവ വോട്ടു ബാങ്കുകൾ ലക്ഷ്യമിട്ട് കെ എം മാണിയെ ഒപ്പം കൂട്ടാൻ വർഷങ്ങളായി സിപിഐഎം ശ്രമം തുടങ്ങിയതാണ്. അതിനിടെ ബാർ കോഴ വിവാദം ഉണ്ടായതോടെ ആ നീക്കം പാളി. പിന്നീട് ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസിനെ എൽഡിഎഫിൽ എത്തിച്ചെങ്കിലും അത്ര ഫലം കണ്ടില്ല. കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസിന്റെ പിളർപ്പിനായി കാത്തിരിക്കുകയായിരുന്നു സിപിഐഎം.

ജോസ് കെ.മാണിയെ ചെയർമാനായി പ്രഖ്യാപിച്ചതോടെ ആ വിഭാഗത്തെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ദൂതന്മാർ മുഖേന ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എൽഡിഎഫിലുള്ള മറ്റൊരു കേരള കോൺഗ്രസ് നേതാവിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. സിപിഐഎം നേരിട്ടും രഹസ്യ ചർച്ചകൾ നടത്തുന്നുണ്ട്. ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് നീക്കങ്ങൾ. അങ്ങനെയെങ്കിൽ പാലാ സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജോസ് കെ മാണിയെ മൽസരിപ്പിക്കാമെന്നും നിർദ്ദേശം മുന്നോട്ടുവെച്ചു.

എന്നാൽ നിലവിൽ രാജ്യസഭ എംപിയായിട്ടുള്ള ജോസ് കെ മാണി, ആ സ്ഥാനം രാജിവെച്ച് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കും എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ ഉപദേശിച്ചു. റോഷി അഗസ്റ്റിനെ മന്ത്രിസ്ഥാനത്തേയ്ക്ക് എത്തിച്ചുള്ള ചില ഫോർമുലയും ഇടതുമുന്നണിയുടെ മനസിലുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ റോഷിയെയും എൻ ജയരാജിനെയും സംരക്ഷിക്കാമെന്നും സിപിഐഎം ഉറപ്പു നൽകുന്നു. എന്നാൽ എൽഡിഎഫിനൊപ്പം പോയാൽ അണികളുടെ വികാരം എതിരാകുമെന്ന ആശങ്കയുണ്ട് ജോസ് കെ മാണി പക്ഷത്തിന്. എന്തായാലും യുഡിഎഫിൽ എത്രത്തോളം പ്രാതിനിധ്യം ലഭിക്കും എന്നതിനെ ആശ്രയിച്ചാകും തീരുമാനമെടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here