ഇന്നത്തെ പ്രധാന വാർത്തകൾ (17-06-2019)

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്‌റ്റേ ചെയ്തു

കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുൻസിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ചെയർമാനെ തെരഞ്ഞെടുക്കുന്നതിനും തൽസ്ഥാനത്ത് തുടരുന്നതിനുമാണ് സ്‌റ്റേ. ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള അധികാരമെന്ന് കോടതി വിലയിരുത്തി. രണ്ട് എംഎൽഎമാരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ കേസ്

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ, ബിഹാർ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ എന്നിവർക്കെതിരെ കേസ്. മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് മതിയായ ബോധവൽക്കരണം നടത്തിയില്ലെന്ന് പരാതിയുണ്ട്. സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മിയാണ് മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് കൊടുത്തത്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ; സർക്കാരിന് നോട്ടീസ് നൽകി

ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പോർട്ടിനെതിരെ അധ്യാപകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. തുടർ നടപടികളാണ് സർക്കാർ തടഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് സർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി.

ജെപി നദ്ദ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

ജെപി നദ്ദയെ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിജെപി പാർലമെൻററി ബോർഡ് യോഗത്തിലാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിൽ അധ്യക്ഷൻ അമിത് ഷായെ സഹായിക്കുകയെന്ന ദൗത്യമാണ് ജെപി നദ്ദക്കുള്ളത്.

ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു

ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു. 67 വയസ്സായിരുന്നു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുർസിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ഷോർട്ട് ബോൾ തന്ത്രം തിരിഞ്ഞു കുത്തി; ഷാക്കിബിന്റെ സെഞ്ചുറി മികവിൽ വിൻഡീസിനെ തകർത്ത് ബംഗ്ലാ കടുവകൾ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് അനായാസ ജയം. 7 വിക്കറ്റിനാണ് ബംഗ്ലാദേശ് വിൻഡീസിനെ തകർത്തത്. 323 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 51 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. 124 റൺസടിച്ച ഷാക്കിബുൽ ഹസൻ്റെ ഉജ്ജ്വല ഇന്നിംഗ്സാണ് ബംഗ്ലാദേശിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 94 റൺസടിച്ച ലിറ്റൺ ദാസും ബംഗ്ലാദേശിനു വേണ്ടി തിളങ്ങി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top